ഇരട്ടക്കൊലപാതകം വിദ്വേഷ പ്രചാരണം: 30 പേർക്കെതിരേ കേസ്
തിരുവനന്തപുരം
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന സന്ദേശങ്ങളും വെല്ലുവിളികളും പ്രചരിക്കുന്നത് തടയാൻ കടുത്ത നടപടി തുടർന്ന് പൊലിസ്.
ഇത്തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്ത് 30 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലിസ് അറിയിച്ചു.
കൊല്ലം വെസ്റ്റ് പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറൽ പൊലിസ് ജില്ലയിലാണ്. 13 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ ഒന്ന്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂർ റൂറൽ ഒന്ന്, പാലക്കാട് നാല്, മലപ്പുറം മൂന്ന്, കോഴിക്കോട് റൂറൽ രണ്ട്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.
വിദ്വേഷവും മതസ്പർധയും വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ തയാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും ഇത്തരം സന്ദേശങ്ങൾ നിരീക്ഷിക്കാനും അതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്ന ചില വ്യക്തികളും സമൂഹമാധ്യമ ഗ്രൂപ്പുകളും സൈബർ പൊലിസിന്റെ നിരീക്ഷണത്തിലാണ്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ ഗ്രൂപ്പ് അഡ്മിന്മാർ ഉൾപ്പെടെയുള്ളവർക്കെതിരേയും നടപടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."