പിങ്കിനെ ചുവപ്പിച്ച പൊലിസ്
ടി.കെ ജോഷി
നിയമപാലകയുടെ ദയയില്ലായ്മയ്ക്ക് മുമ്പിൽ തേങ്ങിയപ്പോൾ ഒരു കൊച്ചു പെൺകുട്ടിയുടെ കണ്ണിൽനിന്ന് ഉതിർന്നുവീണ കണ്ണുനീരൊപ്പാൻ ആഭ്യന്തര വകുപ്പിനോ സർക്കാരിനോ കഴിയാതെ പോയെങ്കിൽ ആ ഭരണസംവിധാനം തീർച്ചയായും ആശങ്കപ്പെടുത്തുന്നതാണ്. സ്ത്രീ-ശിശു സൗഹൃദ ഭരണമെന്ന് നാഴികയ്ക്ക് നാൽപത് തവണ മേനി പറയുന്ന പിണറായി സർക്കാർ കൊച്ചു കൈവെള്ളയിൽ വച്ചുകൊടുക്കേണ്ടിയിരുന്ന നീതിയും സാന്ത്വനവും കോടതിയിലൂടെ പിടിച്ചുവാങ്ങേണ്ടി വന്നത് ഒരു എട്ടു വയസുകാരിക്കാണ്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലിസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണക്ക് ഇരയായ കുട്ടിക്ക് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ നൽകാൻ ഒടുവിൽ ഹൈക്കോടതിക്ക് ഉത്തരവിടേണ്ടിവന്നു. ഒരു പൊലിസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ പൊലിസ് ഉന്നതരും വകുപ്പും ഇത്രയേറെ വ്യഗ്രത കാട്ടിയത്, കോടതി ചൂണ്ടിക്കാട്ടിയതു പോലെ കാക്കിയെ സംരക്ഷിക്കാനുള്ള കാക്കിയുടെ ശ്രമം തന്നെയായിരുന്നില്ലേ. ഇതിന് ഇടതുപക്ഷ സർക്കാരും കൂട്ടുനിന്നുവെന്നാണ് ആശങ്കയ്ക്ക് ആഴംകൂട്ടുന്നത്. സമൂഹത്തിന്റ താഴേത്തട്ടിലുള്ള വലിയ വിഭാഗം ജനങ്ങളിൽനിന്നു നീതിയും സമത്വവുമൊക്കെ അത്രമാത്രം അകലെയാണെന്ന് അടിവരയിടുന്നതാണ് പിങ്ക് പൊലിസിന്റെ പരസ്യവിചാരണയും അതിനെ തുടർന്നു ഹൈക്കോടതിയിൽ അരങ്ങേറിയ സംഭവങ്ങളും.
കുട്ടികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നിറങ്ങളിൽ ഒന്നാണ് പിങ്ക്. നിറം പോലും ഒരു കുരുന്നിന്റെ മനസിനെ അസ്വസ്ഥമാക്കരുതെന്ന കാഴ്ചപ്പാടിൽ രൂപപ്പെട്ട ഒരു സംവിധാനത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥ തന്നെ എട്ടുവയസുകാരിയെ മോഷണക്കുറ്റം ആരോപിച്ച് റോഡിൽ പരസ്യവിചാരണ നടത്തി ആ പിഞ്ചു മനസിനെ വേദനിപ്പിച്ചിട്ടും സാധാരണ പൊലിസ് നടപടിയെന്ന് ന്യായീകരിക്കാനും അതിന് 'മതിയായ' ശിക്ഷ നൽകിയെന്നും നീതിപീഠത്തിന് മുമ്പിൽ ഒരു മടിയും കൂടാതെ വിളിച്ചുപറയാൻ എങ്ങനെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. ഇതിനെ ന്യായീകരിക്കാൻ എങ്ങനെ സർക്കാരിനായി?
ആ എട്ടു വയസുകാരിയുടെ ആത്മാഭിമാനവും കണ്ണീരും ഭരണസംവിധാനത്തിന് അത്രമേൽ നിസാരമായിരിക്കാം. ലോക്കപ്പുമുറികളിലെ തല്ലിക്കൊലയ്ക്കും കൊടിയ മർദനത്തിനും പ്രതിക്കൂട്ടിൽ നിൽക്കുന്ന ഒരു സംവിധാനത്തിന് ഇത് നിസാരമാകുക സ്വഭാവികം. ഇതിനു മുമ്പും പൊലിസിൽനിന്ന് കുട്ടികൾക്കും സ്ത്രീകൾക്കും അവഹേളനവും മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിന് സമീപകാലത്തു തന്നെയുള്ള ഉദാഹരണങ്ങളും നിരവധിയുണ്ട്. അടുത്തിടെ പൊലിസ് കോടതി മുറിയ്ക്കുള്ളിലും പുറത്തും തലകുനിച്ച കേസുകൾ ഏറെയാണ്. പരാതി പറയാൻ ചെന്ന യുവാവിനെ വിലങ്ങുവച്ച് ചൂരൽകൊണ്ട് അടിച്ച സംഭവത്തിൽ കോടതിയുടെ രൂക്ഷവിമർശനമുണ്ടായത് ഈയിടെയാണ്. പൊലിസ് വേണ്ട നടപടിയെടുത്തിരുന്നുവെങ്കിൽ മൊഫിയ പർവീൺ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പിങ്ക് പൊലിസിന്റെ പരസ്യവിചാരണാ വിഷയത്തിലേക്ക് വരാം. എട്ടു വയസുകാരി പെൺകുട്ടി പിതാവിനൊപ്പം ഐ.എസ്.ആർ.ഒയിലേക്കുള്ള കൂറ്റൻ ഉപകരണങ്ങൾ കൊണ്ടുപോകുന്നത് കാണാൻ വഴിയരികിൽ കാത്തുനിന്നപ്പോഴാണ് പിങ്ക് പൊലിസ് ഉദ്യോഗസ്ഥ അവരുടെ മൊബൈൽഫോൺ മോഷണം പോയി എന്നാരോപിച്ചു രണ്ടു പേരെയും പരസ്യശാസന നടത്തിയത്. സ്വന്തം ബാഗിൽ ഫോൺ വച്ചതു മറന്നിട്ടായിരുന്നു നിരപരാധികളായ മകളെയും പിതാവിനെയും ക്രൂശിച്ചത്. ഫോൺ സ്വന്തം ബാഗിൽനിന്ന് കണ്ടെത്തിയിട്ടും ഇവരോട് ക്ഷമപറയാൻ ഉദ്യോഗസ്ഥ തയാറായില്ല. ആൾക്കൂട്ടനടുവിൽ അപമാനിതയായ എട്ടുവയസുകാരിയെ ഓർത്ത് പിങ്ക് പൊലിസിന്റെ കുപ്പായമിട്ട ആ ഉദ്യോഗസ്ഥയ്ക്ക് നേരിയ മനോവിഷമം പോലുമുണ്ടായില്ല. അന്വേഷണം നടത്തിയ പൊലിസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൻമേൽ അവർക്ക് കിട്ടിയ ശിക്ഷ 'നല്ലനടപ്പ്' മാത്രം. ഈ റിപ്പോർട്ടിൽ കൈയൊപ്പ് വച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥനോ ഡി.ജി.പിയോ പെൺകുട്ടി പരസ്യവിചാരണ ചെയ്യപ്പെടുന്ന വിഡിയോ ഒന്നു കണ്ടിരുന്നുവെങ്കിൽ രണ്ടാമതൊന്നുകൂടി ആലോചിക്കുമായിരുന്നു. അതുണ്ടായില്ല. ഒരു ബാലികയ്ക്ക് പോലും നീതി ലഭിക്കാതെ പിന്നെയെങ്ങനെ ആഭ്യന്തര വകുപ്പിൽ നിന്ന് സാധാരണക്കാരൻ നീതി പ്രതീക്ഷിക്കും. ഈ വിഡിയോ ദൃശ്യങ്ങളാണ് ഹൈക്കോടതിയും കണ്ടത്. നഷ്ടപരിഹാരത്തിനു പുറമെ പൊലിസ് ഉദ്യോഗസ്ഥയെ ക്രമസമാധാനപാലന ചുമതലയിൽനിന്ന് മാറ്റിനിർത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അച്ചടക്ക നടപടിയും സ്വീകരിക്കണം. നഷ്ടപരിഹാരം നൽകാനാവില്ലെന്ന സർക്കാർ വാദമാണ് കോടതി തള്ളിയത്. മാനസികമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം പൊതുവായ പരിഹാര മാർഗമായതുകൊണ്ടാണ് കോടതി ഇങ്ങനെ ഉത്തരവ് നൽകിയത്.
ഇത് കേവലം പൊലിസിൽനിന്ന് മാനസിക പീഡനമുണ്ടായതിന് കോടതിയെ സമീപിച്ച് വിജയം നേടിയ ഒരു കേസല്ല. ഒരു എട്ടുവയസുകാരി തന്നെ സംരക്ഷിക്കേണ്ട സംവിധാനത്തിൽനിന്ന് നേരിട്ട പീഡനത്തിൽനിന്നുള്ള മോചനമാണ്. പൊലിസ് വീഴ്ചയിലൂടെ ഉയർന്ന പ്രതിഷേധങ്ങളെ നഷ്ടപരിഹാരത്തിലൂടെ ശമിപ്പിച്ച അതേ ഭരണകൂടമാണ് ഒരു ബാലികയ്ക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് വാദിച്ചത്. കുറെ ചോദ്യങ്ങൾക്ക് മറുപടി ആവശ്യമാണ്. എന്തുകൊണ്ടാണ് ഒരു എട്ടു വയസുകാരിയുടെ മാനസിക വിഷമങ്ങൾ സർക്കാർ ഗൗരവത്തിൽ എടുക്കാത്തത്. അറസ്റ്റിന്റെ പേരിൽ ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശങ്ങൾ ചർച്ചാവിഷയമാക്കിയ സർക്കാരാണ് ഒരു എട്ടുവയസുകാരിയുടെ അഭിമാനത്തെ കാണാതെ പോയതെന്നും ഓർക്കണം. തങ്ങളുടെ സംവിധാനത്തെ വെള്ളപൂശാൻ എന്തിനാണ് പൊലിസുദ്യോഗസ്ഥർ നിരന്തരമായി ശ്രമിച്ചുകൊണ്ടിരുന്നത്.
പൊലിസ് സംവിധാനത്തിൽ പുഴുക്കുത്തില്ലെന്ന് പറയാൻ കേരള പൊലിസിലെ ഏതെങ്കിലും ഒരു ഉയർന്ന ഉദ്യോഗസ്ഥന് കഴിയുമോ? ആ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് പൊലിസ് കോടതിയിൽ വാദിച്ചിട്ടും നീതി നൽകിയ കോടതി നൽകിയ പാഠം ആഭ്യന്തരവകുപ്പ് ഇനിയെങ്കിലും ഉൾക്കൊള്ളണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."