HOME
DETAILS

അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്: സത്യാവസ്ഥ പുറത്തുവരണം

  
backup
December 25 2021 | 00:12 AM

4856356-2


കേരള ബാർ കൗൺസിൽ അഭിഭാഷക ക്ഷേമനിധി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. അഭിഭാഷക ക്ഷേമനിധിയിൽ 2007 മുതൽ നടന്ന സാമ്പത്തിക തിരിമറിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ഹൈക്കോടതിയിൽ ഹരജി നൽകിയതിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് വിധിയുണ്ടായത്. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ ഓഡിറ്റ് നടത്തിയിരുന്നു. ഇതിൽ ധാരാളം പാകപ്പിഴവുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ കുറ്റാരോപിതർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ഹരജിക്കാരുടെ ആരോപണം.


തട്ടിപ്പ് നടന്ന് 14 വർഷം കഴിഞ്ഞിട്ടും പ്രതികൾ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. 7.5 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കേന്ദ്ര ബാർ കൗൺസിൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഈ തുക ക്ഷേമനിധിയിലേക്ക് അടച്ചിട്ടില്ല. ക്ഷേമനിധി കൈകാര്യം ചെയ്തിരുന്നത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ബാർ കൗൺസിൽ സെക്രട്ടറിയായിരുന്നു. അയാളെ പ്രതി ചേർക്കാനോ അന്വേഷണം അയാളിലേക്കെത്തിക്കാനോ നടപടിയുണ്ടായില്ല. വിജിലൻസ് അന്വേഷണം പ്രഹസനമായിരുന്നു. ഈയൊരു അവസരത്തിൽ സത്യാവസ്ഥ പുറത്തുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹരജിക്കാരുടെ ആവശ്യം ന്യായയുക്തമാണ്. കോടതി അത് അംഗീകരിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ഒരു മാസത്തിനകം കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്. 2009 മുതൽ 2014 വരെ വ്യാജ രേഖകൾ ഉണ്ടാക്കി അഭിഭാഷക ക്ഷേമനിധിയിൽ തട്ടിപ്പ് നടത്തിയത് ബാങ്ക് അക്കൗണ്ടുകളിൽ കൃത്രിമം കാണിച്ചായിരുന്നുവെന്നാണ് ആരോപണം. വിജിലൻസ് അന്വേഷണത്തിൽ ബാർ കൗൺസിൽ അക്കൗണ്ടന്റ് അടക്കം മൂന്നുപേർ അറസ്റ്റിലായിരുന്നെങ്കിലും അന്വേഷണം പിന്നീട് കാര്യക്ഷമമായില്ല. അക്കൗണ്ടിന് കണക്ക് നോക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. ബാങ്ക് ഇടപാട് നടത്തിയിരുന്നത് ബാർ കൗൺസിൽ സെക്രട്ടറിയാണ്.


അഭിഭാഷകർ വിവിധ സന്ദർഭങ്ങളിലായി ബാർ കൗൺസിലിൽ അടയ്ക്കുന്ന തുകയുടെ വിഹിതമുൾപ്പെടുത്തിയാണ് ക്ഷേമനിധി രൂപീകരിച്ചത്. അഭിഭാഷകർ വിരമിക്കുമ്പോഴോ മറ്റു അത്യാവശ്യ കാര്യങ്ങൾക്കോ തിരികെ നൽകേണ്ട തുകയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അഭിഭാഷക ക്ഷേമത്തിനായി പുറത്തിറക്കിയ സ്റ്റാമ്പ് വിറ്റ തുകയും ബാങ്കിൽ നിക്ഷേപിച്ചിട്ടില്ല. അഭിഭാഷകരുടെ ക്ഷേമനിധിക്കായി നിർമിച്ച സ്റ്റാമ്പിന് പകരം സ്റ്റാമ്പ് വ്യാജമായി നിർമിച്ച് വിൽപന നടത്തിയെന്ന ആരോപണത്തെ കുറിച്ചും വിജിലൻസ് അന്വേഷിച്ചില്ല. വ്യാജ സ്റ്റാമ്പുകൾ വിറ്റിട്ടില്ലെന്നായിരുന്നു വിജിലൻസ് നിലപാട്. അത് വിശ്വസനീയവുമല്ല. കണക്കുകൾ ഓഡിറ്റ് ചെയ്ത് സൂക്ഷിക്കേണ്ട ചുമതല ബാർ കൗൺസിൽ സെക്രട്ടറിക്കാണ്. എന്നാൽ, 10 വർഷത്തോളം ഈ ചുമതല നിർവഹിച്ചിരുന്നത് അക്കൗണ്ടന്റാണ്. പണാപഹരണത്തിന്റെ പ്രധാന ഉത്തരവാദി സെക്രട്ടറിയാണെന്നിരിക്കെ, അയാളിലേക്ക് വിജിലൻസ് അന്വേഷണം നീളാതെ പോയതിൽ ദുരൂഹതയുണ്ട്.


1980ലാണ് കേരള അഭിഭാഷക ക്ഷേമനിധി നിയമം നിലവിൽ വന്നത്. അഭിഭാഷകർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് ക്ഷേമനിധി രൂപീകരിച്ചത്. ക്ഷേമനിധി നിയമത്തിലെ നാലാം വകുപ്പ് അനുസരിച്ച് ക്ഷേമനിധി നടത്തിപ്പ് ട്രസ്റ്റിന്റെ ചുമതലയിലാണ് വേണ്ടത്. ഇതിനായി അഡ്വക്കറ്റ് ജനറൽ, കേരള നിയമ വകുപ്പ് സെക്രട്ടറി, സർക്കാർ നിർദേശിക്കുന്ന ഒരംഗം, കേരള ബാർ കൗൺസിൽ നിർദേശിക്കുന്ന മൂന്നംഗങ്ങൾ, ബാർ കൗൺസിൽ ട്രഷറർ, സെക്രട്ടറി, കേരള ബാർ ഫെഡറേഷൻ പ്രസിഡൻ്റ് എന്നിവരായിരിക്കണം ട്രസ്റ്റി അംഗങ്ങൾ. 40 വർഷം അഭിഭാഷക ജോലിയിലുണ്ടായിരുന്ന വ്യക്തി പിരിയുമ്പോൾ ഇപ്പോൾ പരമാവധി ലഭിക്കുന്ന തുക 10 ലക്ഷമാണ്. എല്ലാ അഭിഭാഷകരും ക്ഷേമനിധി അംഗങ്ങളല്ല.


എൻറോൾമെന്റ് ഫീസ് ഇനത്തിൽ ബാർ കൗൺസിലിന് ലഭിക്കുന്ന തുകയുടെ 20 ശതമാനവും കോർട്ട് ഫീസ് നിയമത്തിലെ 76ാം വകുപ്പ് അനുസരിച്ച് സർക്കാർ ഈടാക്കുന്ന ലീഗൽ ബെനഫിറ്റ് ഫണ്ടിൽ നിന്നുള്ള വിഹിതവും അഭിഭാഷകർ വക്കാലത്തിൽ ഒട്ടിക്കുന്ന വെൽഫെയർ ഫണ്ട് സ്റ്റാമ്പ് ഇനത്തിലുള്ള വരവും ക്ഷേമനിധി അംഗങ്ങൾ വർഷംതോറും അടയ്ക്കുന്ന വാർഷിക വരിസംഖ്യയുമാണ് ക്ഷേമനിധിയുടെ വരുമാന സ്രോതസ്. ഈ തുകയിൽ നിന്നാണ് 2007 മുതൽ 2017 വരെ ഏഴ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ക്ഷേമനിധി തുക കൈപ്പറ്റിയാൽ പിന്നീട് അഭിഭാഷകനായി ജോലി ചെയ്യാനാവില്ല എന്നതു ക്ഷേമനിധിയിലെ നിയമമാണ്. ഇനി അഥവാ ജോലി ചെയ്യണമെങ്കിൽ കൈപ്പറ്റിയ തുകയുടെ 12 ശതമാനം പലിശയടക്കം തിരികെ അടയ്ക്കണം.


ക്ഷേമനിധി നിയമത്തിലെ 10ാം വകുപ്പിലുള്ള നാലാം ഉപവകുപ്പ് പ്രകാരം ട്രസ്റ്റി കമ്മിറ്റിയുടെ അക്കൗണ്ട് ബാർ കൗൺസിൽ നിയോഗിക്കുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടിനെക്കൊണ്ട് വർഷംതോറും പരിശോധിപ്പിക്കണമെന്നാണ്. ഇവിടെ അതു പാലിച്ചിട്ടില്ല. അതെല്ലാം ലംഘിച്ചത് തട്ടിപ്പിന് കളമൊരുക്കാനായിരുന്നു. 2017ൽ അഡ്ഹോക്ക് കമ്മിറ്റിയുടെ സമയത്താണ് ഈ സാമ്പത്തിക തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. ബാങ്കിൽ അടയ്ക്കേണ്ട തുക പൂർണമായും അടയ്ക്കാതെ, അടച്ചതിനേക്കാൾ ഭീമമായ തുക അക്കൗണ്ടിൽ എഴുതിച്ചേർത്തു. ഈ വിവരം 2018 ജനുവരി മൂന്നിന് ബാർ കൗൺസിലിൽനിന്ന് നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2012 ജൂൺ 29 മുതൽ 2013 ജൂൺ 27 വരെ ഇത്തരത്തിൽ 12 ഇടപാടുകളിലായി എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. ട്രസ്റ്റി കമ്മിറ്റി സെക്രട്ടറി കൂടിയായ ബാർ കൗൺസിൽ സെക്രട്ടറി ട്രസ്റ്റി കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ഓപറേറ്റ് ചെയ്യാനും കൂടി അധികാരമുള്ള വ്യക്തിയാണെന്നിരിക്കെ, അദ്ദേഹത്തിലേക്ക് ഇതുവരെയുള്ള അന്വേഷണങ്ങളൊന്നും നീങ്ങാതെ ബാർകൗൺസിൽ ഓഫിസിലെ അക്കൗണ്ട് ജോലി ചെയ്തിരുന്ന വ്യക്തിയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കപ്പെട്ടത് തട്ടിപ്പ് നടത്തിയവരുടെ ബുദ്ധിയായി മാത്രമേ കാണാനാകൂ.


ക്ഷേമനിധി തട്ടിപ്പിനെക്കുറിച്ച് പരാതികൾ ഉയർന്നപ്പോഴാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതി അന്വേഷണത്തിന് എത്തിയപ്പോൾ ആരോപണവിധേയർ ബാർ കൗൺസിൽ ഓഫിസ് അടച്ചുപൂട്ടി സ്ഥലം വിട്ടിരുന്നു. പരിശോധിക്കപ്പെടേണ്ട രേഖകളൊക്കെയും വിജിലൻസ് അന്വേഷണത്തിന്റെ പേരുപറഞ്ഞ് മാറ്റുകയും ചെയ്തു. തട്ടിപ്പ് നടന്ന കാലത്തെ ട്രസ്റ്റി കമ്മിറ്റി അംഗങ്ങളെ സി.ബി.ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ക്ഷേമനിധിയുടെ നഷ്ടപ്പെട്ട തുക കവർന്നവരിൽനിന്ന് ഈടാക്കുകയും വേണം. 10 വർഷം ക്ഷേമനിധി ഓഡിറ്റിങ്ങിന് എന്തുകൊണ്ട് ചാർട്ടേർഡ് അക്കൗണ്ടിനെ നിയമിച്ചില്ലെന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്. ഈ 10 വർഷക്കാലയളവിലാണ് ഏഴ് കോടിയിലധികം രൂപ അഭിഭാഷകക്ഷേമ നിധിയിൽനിന്ന് തട്ടിയെടുക്കപ്പെട്ടത്. സി.ബി.ഐ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  5 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  5 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  5 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  5 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  5 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  5 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  5 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago