ലോകം നാലാംതരംഗത്തിലേക്കെന്ന് കേന്ദ്രം ; ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല
ന്യൂഡൽഹി
ലോകം കൊവിഡ് നാലാം തരംഗത്തിലാണെന്നും സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അനാവശ്യ യാത്രകളും കൂട്ടംചേരുന്നതും ഒഴിവാക്കണം. ഒമിക്രോൺ വ്യാപനത്തിൽ ആശങ്കപ്പെടേണ്ട അവസ്ഥയിലേക്ക് രാജ്യം എത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകത്ത് മറ്റു പലയിടങ്ങളിലും നാലാംതരംഗമെത്തിയെങ്കിലും ഇന്ത്യയിൽ ഇപ്പോഴും മൂന്നാംതരംഗം ആരംഭിച്ചതായി പറയാൻ കഴിയില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
ലോകത്തിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ആറുശതമാനവും ഇന്ത്യയിൽ 5.3 ശതമാനവുമാണ്. യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ഉയരുമ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ കുറയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപന ശേഷിയുണ്ട്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമബംഗാൾ, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിൽ നിശാനിയമങ്ങൾ ഏർപ്പെടുത്തുകയും ആൾക്കൂട്ടങ്ങളും ഒത്തുചേരലുകളും ഒഴിവാക്കുകയും വേണം.
ഇവിടങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ലാബുകളിൽ അയച്ച് പരിശോധിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിലെ ആശുപത്രികളിൽ ആവശ്യത്തിന് ഓക്‌സിജൻ ലഭ്യത, കിടക്കകൾ, ആംബുലൻസ് മുതലായ സകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി പത്തു ശതമാനത്തിന് മുകളിലായ സ്ഥലങ്ങളിൽ ആവശ്യമായ സാങ്കേതികസഹായങ്ങൾ എത്തിച്ചു നൽകുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."