കേരളത്തിൽ പദ്ധതികൾ നടപ്പാവുമെന്ന സ്ഥിതിവന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം
കേരളത്തിലിപ്പോൾ പദ്ധതികൾ നടപ്പാവുമെന്ന സ്ഥിതി വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസിന്റെ (കെ.എ.എസ്) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികളുടെ ഗുണം അനുകൂലിക്കുന്നവർക്ക് മാത്രമല്ല, എതിർക്കുന്നവർക്കും ലഭ്യമാകുന്നുണ്ട്.
നാട്ടിൽ ഏത് പുതിയ പരിഷ്‌ക്കാരം വന്നാലും ചിലർ എതിർക്കും. അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്ത്, എതിർപ്പിന്റെ കാരണങ്ങൾ മനസിലാക്കി മുന്നോട്ടുപോയാൽ നേരിടാൻ കഴിയും.
ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, കൊച്ചി-ഇടമൺ പവർഹൈവേ തുടങ്ങി പല കാര്യങ്ങളിലും ശക്തമായ എതിർപ്പുണ്ടായിരുന്നു. ആ എതിർപ്പിൽ കാര്യമില്ലെന്നു കാര്യകാരണ സഹിതം സർക്കാർ വ്യക്തമാക്കിയതോടെ എതിർത്തവർ തന്നെ പദ്ധതിയെ അനുകൂലിച്ചു.
കേരള സംസ്ഥാന രൂപീകരണം മുതൽ നാം ആഗ്രഹിക്കുന്നതാണ് കെ.എ.എസ് നടപ്പാക്കുകയെന്നത്. കെ.എ.എസ് നടപ്പാക്കിയതിൽ പി.എസ്.സി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഐ.എ.എസ്- കെ.എ.എസ് ഉദ്യോഗസ്ഥർ തമ്മിൽ പരസ്പരബന്ധം വളർത്തിയെടുത്ത് മുന്നോട്ടുപോകണം.
ജനങ്ങളുടെ സങ്കീർണമായ പ്രശ്‌നങ്ങൾ മുന്നിലെത്തുമ്പോൾ അത് അനുഭവിക്കുന്നവരുടെ കണ്ണുകളിലൂടെ വേണം ഉദ്യോഗസ്ഥർ വീക്ഷിക്കേണ്ടത്.
അപ്പോൾ ജനങ്ങളുടെ വേദന മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയും. ഇതിന് നിയമങ്ങളും ചട്ടങ്ങളും തടസമാണെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."