കാലടിയിൽ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നവർക്ക് വെട്ടേറ്റു ; പിന്നിൽ സി.പി.എമ്മെന്ന് സി.പി.ഐ ആക്രമിച്ചത് ഗുണ്ടകളെന്ന് പൊലിസ്
കാലടി
മരോട്ടിച്ചോട്ടിൽ രണ്ട് സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46), ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ കുറച്ചു നാളുകൾക്ക് മുൻപാണ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നത്. ഇതേ ചൊല്ലി പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് സി.പി.ഐ ആരോപിച്ചു. കഴിഞ്ഞദിവസം രാത്രി ക്രിസ്മസ് കരോളിനിടെയായിരുന്നു സംഭവം.
സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിൻ്റെ വീട്ടിലെത്തിയ സംഘം വീടിന് മുന്നിലുണ്ടായിരുന്ന സേവ്യറെയും ക്രിസ്റ്റീനെയും വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. സേവ്യറിനെ വെട്ടിയ ശേഷം സംഘം വീടും അക്രമിച്ചു. വെട്ടേറ്റവരെ ചികത്സയ്ക്കായി എത്തിച്ച അങ്കമാലി താലൂക്ക് ആശുപത്രിയിലും വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സംഭവത്തിൽ ഒന്‍പതു പേരെ പ്രതികളാക്കി പൊലിസ് വധശ്രമത്തിന് കേസെടുത്തു. ഗുണ്ടകള്‍ തമ്മിലുള്ള അക്രമമാണ് നടന്നതെന്നും ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നുമാണ് പൊലിസിൻ്റെ വിശദീകരണം. എന്നാല്‍ അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്നു സി.പി.ഐ ആരോപിച്ചു. പ്രതികളെ സഹായിക്കുന്ന നിലപാടാണ് കാലടി പൊലിസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ അങ്കമാലി മണ്ഡലം സെക്രട്ടറി സി.ബി രാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം സി.പി.ഐയുടെയും എ.ഐ.വൈ.എഫിന്റേയും കൊടിമരം തകർത്തിരുന്നു. ഇതിനെതിരേ പൊലിസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."