വീടിനേക്കാൾ മെച്ചം; കളപ്പാറ കോളനിക്കാർ അന്തിയുറങ്ങുന്നത് ആട്ടിൻകൂട്ടിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ പഞ്ചായത്തിൽ ആദിവാസികൾക്ക് ദുരിത ജീവിതം
ചേലക്കര (തൃശൂർ)
കാലപ്പഴക്കത്തെ തുടർന്ന് കോൺക്രീറ്റ് അടർന്നു വീഴുകയും തറ തകരുകയും ചെയ്തതോടെ പട്ടികജാതി-പിന്നോക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ്റെ സ്വന്തം പഞ്ചായത്തിൽ ആദിവാസി കുടുംബങ്ങൾ കഴിയുന്നത് ആട്ടിൻകൂട്ടിൽ.
ചേലക്കര കളപ്പാറ ആദിവാസി കോളനിയിലെ കുടുംബങ്ങളാണ് വീടുകളുടെ ശോചനീയാവസ്ഥ കാരണം വലിയ ദുരിതം അനുഭവിക്കുന്നത്.
അംഗപരിമിതനായ വിജയൻ മുഴുസമയവും ആട്ടിൻകൂട്ടിൽ കഴിയുന്നു. മഴ പെയ്താൽ വീട് ചോർന്നൊലിക്കുന്നതിനാൽ മകളുടെ പഠനവും ഈ ആട്ടിൻകൂട്ടിലാണ്.
വർഷങ്ങൾക്ക് മുൻപ് പട്ടികവർഗ വികസന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ആറ് കോൺക്രീറ്റ് വീടുകളാണ് മേൽക്കൂര തകർന്ന് ജീർണാവസ്ഥയിലുള്ളത്.
ഭക്ഷണം വീടിന് പുറത്ത് പാചകം ചെയ്യേണ്ട സാഹചര്യമാണ്.
നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി മാത്രം ഉണ്ടായിട്ടില്ലെന്ന് കോളനി നിവാസികൾ പറയുന്നു. ഇവരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ടാണ് ചേലക്കര പഞ്ചായത്ത് ആട്ടിൻകൂടുകൾ നിർമിച്ചു നൽകിയത്.
വീടുകളേക്കാൾ മികച്ചത് ആട്ടിൻകൂടുകളായപ്പോൾ എല്ലാവരും ആടുകളെ പുറത്താക്കി ഇവിടേക്ക് താമസം മാറ്റുകയായിരുന്നു.
മന്ത്രിയായതിനു ശേഷം തങ്ങളുടെ എം.എൽ.എ ഇങ്ങോട്ട് എത്തിയിട്ടില്ലെന്നും വരുമ്പോൾ തങ്ങളുടെ ദുരിതം അറിയിക്കുമെന്നും കോളനി നിവാസികൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."