മുൻകരുതൽ ഡോസെടുക്കാൻ രണ്ടാം ഡോസെടുത്ത് ഒമ്പത് മാസം പൂർത്തിയാകണം
ന്യൂഡൽഹി
കൊവിഡ് മുൻകരുതൽ ഡോസ് രണ്ടാം ഡോസെടുത്ത് ഒമ്പത് മാസം പൂർത്തിയായ ആരോഗ്യപ്രവർത്തകർ, കൊവിഡ് മുൻനിര പ്രവർത്തകർ, മറ്റു രോഗങ്ങളുള്ള 60 വയസ് കഴിഞ്ഞവർ എന്നിവർക്കെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗരേഖ പുറപ്പെടുവിച്ചു. ജനുവരി 10 മുതലാണ് മുൻകരുതൽ ഡോസ് നൽകുന്നത്.
മുൻകരുതൽ ഡോസിനായി കൊവിൻ പോർട്ടലിലെ നിലവിലുള്ള അക്കൗണ്ടിൽ തന്നെ രജിസ്റ്റർ ചെയ്യണം. കുത്തിവയ്പ്പിന് സമയമാകുമ്പോൾ എസ്.എം.എസ് വഴി അറിയിപ്പു ലഭിക്കും. 60 പിന്നിട്ടവർക്ക് മുൻകരുതൽ ഡോസ് ലഭിക്കണമെങ്കിൽ മറ്റു രോഗങ്ങളുണ്ടെന്നും രോഗത്തിന്റെ വിവരങ്ങളും സാക്ഷ്യപ്പെടുത്തുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും കൊവിൻ മേധാവിയുമായ ഡോ. ആർ.എസ് ശർമ്മ അറിയിച്ചു. മുൻകരുതൽ ഡോസിനായി രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മറ്റു രോഗങ്ങളുണ്ടെന്ന് രേഖപ്പെടുത്തണം.
വാക്‌സിനേഷനായി എത്തുമ്പോൾ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ആർ.എസ് ശർമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."