സദ്ഭരണം എന്തെന്ന് കേരളത്തെ കണ്ട് പഠിക്കൂ; യോഗിയെ ടാഗ് ചെയ്ത് ശശി തരൂര്‍
തിരുവനന്തപുരം: നീതി ആയോഗിന്റെ ദേശീയ ആരോഗ്യവികസന സൂചികയില്‍ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ചും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്.
യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയെങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും. ഇല്ലെങ്കില്‍ എല്ലാവരെയും അവരുടെ നിലവാരത്തിലേക്ക് അവര്‍ വലിച്ചു താഴെയിടും ശശി തരൂര്‍ കുറിച്ചു
ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന യോഗിയുടെ 2017 ലെ പരാമര്‍ശം തലക്കെട്ടാക്കിയ ബിസിനസ് സ്റ്റാന്‍ഡിന്റെ വാര്‍ത്തയും ട്വീറ്റിനൊപ്പം തരൂര്‍ ചേര്‍ത്തിട്ടുണ്ട്.
കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്ത തരൂരിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി തരൂര്‍ രംഗത്ത് വന്നതെന്നും ശ്രദ്ധേയമാണ്.
നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്. തമിഴ്നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടത്തിയ സംസ്ഥാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."