മോദിയുടെ യാത്ര ഇനി 12 കോടിയുടെ പുതിയ മെഴ്‌സിഡസില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര ഇനി 12 കോടി രൂപയുടെ പുതിയ മെഴ്‌സിഡസ് കാറില്‍. മെഴ്‌സിഡസ് മെയ്ബാക്ക് എസ് 650 ഗാര്‍ഡ് എന്ന മോഡലാണ് പുതിയ കവചിത വാഹനം. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനെ സ്വീകരിക്കാന്‍ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ എത്തിയ പ്രധാനമന്ത്രി ഈ വാഹനത്തിലാണ് വന്നത്. റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നിവ മാറ്റിയാണ് മെഴ്‌സിഡസിന്റെ പുതിയ വാഹനം എത്തിച്ചത്.
വിആര്‍10 ലെവല്‍ പരിരക്ഷയാണ് ഈ വാഹനത്തില്‍. ഒരു കാറില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന സുരക്ഷ സംവിധാനങ്ങള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച വിന്‍ഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെ പ്രതിരോധിക്കും. കൂടാതെ AK47 റൈഫിളുകളില്‍നിന്ന് ആക്രമണം നടത്താനും സാധിക്കും.
രണ്ട് മീറ്റര്‍ അകലത്തില്‍നിന്നുള്ള 15 കിലോഗ്രാം ടി.എന്‍.ടി സ്‌ഫോടനത്തില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കാന്‍ കാറിന് സാധിക്കും. ഇതുകാരണം 2010ലെ എക്‌സ്‌പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിള്‍ റേറ്റിംഗ് ലഭിച്ചു.
ജാലകങ്ങള്‍ക്ക് ഉള്ളില്‍ പോളികാര്‍ബണേറ്റാണ്. നേരിട്ടുള്ള സ്‌ഫോടനത്തില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കാന്‍ അണ്ടര്‍ബോഡിയില്‍ കനത്ത കവചിതം ഒരുക്കിയിരിക്കുന്നു. ഗ്യാസ് ആക്രമണമുണ്ടായാല്‍ ക്യാബിനില്‍ പ്രത്യേക വായു ലഭിക്കും.
516 ബി.എച്ച്.പി കരുത്തും ഏകദേശം 900 എന്‍.എം ടോര്‍ക്കും നല്‍കുന്ന 6.0 ലിറ്റര്‍ ട്വിന്‍ടര്‍ബോ V12 എഞ്ചിനാണ് വാഹനത്തിലുള്ളത്. പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കാറിന് പ്രത്യേക റണ്‍ഫ്‌ലാറ്റ് ടയറുകളും ലഭിക്കുന്നു. കേടുപാടുകള്‍ സംഭവിച്ചാലും പഞ്ചറായാലും ടയര്‍ പ്രവര്‍ത്തിക്കും. മസാജിങ് സംവിധാനമുള്ള സീറ്റാണ്. വലിയ ലെഗ്‌റൂമും സുഖസൗകര്യമായ യാത്ര വാഗ്ദാനം ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് പുതിയ വാഹനം ആവശ്യപ്പെട്ടത്. ഒരേ പോലെയുള്ള രണ്ട് വാഹനമാണ് എത്തിച്ചിട്ടുള്ളത്. രണ്ട് വാഹനത്തിനും 12 കോടി രൂപയാണ് വില. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായി രണ്ട് വാഹനവും ഒരുമിച്ചാകും യാത്ര.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു മോദിയുടെ വാഹനം. 2014ല്‍ പ്രധാനമന്ത്രിയുടെ കസേരയില്‍ എത്തിയതോടെ ബി.എം.ഡബ്ല്യു 7 സീരീസ് ഹൈസെക്യൂരിറ്റി എഡിഷനിലേക്ക് മാറി. പിന്നീടാണ് റേഞ്ച് റോവര്‍ വോഗും ടൊയോട്ട ലാന്‍ഡ് ക്രൂയിസറും എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."