കരുണാലയങ്ങളോടും ക്രൂരത മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു
നടുക്കം പ്രകടിപ്പിച്ച് മമത, നടപടി അപേക്ഷയുടെ അടിസ്ഥാനത്തിലെന്ന് ആഭ്യന്തര വകുപ്പ്
ന്യൂഡൽഹി
കരുണാലയങ്ങളോടും കേന്ദ്രസർക്കാരിൻ്റെ ക്രൂരത. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
22,000 രോഗികൾ ഭക്ഷണവും മരുന്നും ലഭിക്കാതെ കഷ്ടതയിലാണ്. ക്രിസ്മസ് ദിനത്തിലാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചത്. സംഭവത്തിൽ പ്രതികരിക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി അധികൃതർ തയാറായിട്ടില്ല. എന്തുകൊണ്ടാണ് മരവിപ്പിച്ചതെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിട്ടില്ല. ഗുജറാത്തിൽ പെൺകുട്ടിയെ മിഷണറീസ് ഓഫ് ചാരിറ്റി പ്രവർത്തകർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കി ഷെൽട്ടർ ഹോമിൽ പാർപ്പിച്ചെന്ന പരാതി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം പരാതികളാണ് സ്ഥാപനത്തിന്റെ അക്കൗണ്ട് മരവിപ്പിക്കാൻ കാരണമെന്നാണ് നിഗമനം. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടുക്കം പ്രകടിപ്പിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങൾ തടയുന്നതിനോട് സന്ധി ചെയ്യാനാകില്ലെന്ന് അവർ പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചിട്ടില്ലെന്ന് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ചത് മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."