അമ്മയെ അക്രമിച്ചയാളെ തലക്കടിച്ചുകൊന്ന് കാലിന്റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റി ചാക്കിലാക്കി; 15ഉം 16ഉം വയസുള്ള പെണ്‍മക്കളുടെ കഥകേട്ട് ഞെട്ടി അമ്പലവയല്‍
അമ്പലവയല്‍: മാതാവിനെ അക്രമിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറാതെ അമ്പലവയല്‍ ആയിരംകൊല്ലി നിവാസികള്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളാണ് പൊലിസില്‍ കീഴടങ്ങിയത്. പെണ്‍കുട്ടികളുടെ പ്രായം പതിനഞ്ചും പതിനാറുമാണെന്നതാണ് നാട്ടുകാരെ ഞെട്ടിച്ചത്.
സ്ഥിരമായി ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദ് എന്നാണ് സമീപവാസികള്‍ പറയുന്നത്. പതിവുപോലെ ചൊവ്വാഴ്ചയും ഒച്ചയും ബഹളവും കേട്ടെങ്കിലും ആരും അത്ര ശ്രദ്ധിച്ചില്ല. കുട്ടികള്‍ പൊലിസില്‍ വിവരമറിയിച്ച ശേഷമാണ് സമീപവാസികള്‍പോലും കൊല നടന്ന വിവരം അറിയുന്നത്.
അമ്മയെ മുഹമ്മദ് ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെയാണ് കോടാലി കൊണ്ട് പെണ്‍കുട്ടികള്‍ ഇയാളുടെ തലക്കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊലക്കുശേഷം ഇയാളുടെ വലതുകാലിന്റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റുകയും ചെയ്തു. ആ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മുറിച്ചുമാറ്റപ്പെട്ട കാലിന്റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്ന് കൂലിപ്പണിയുമായി എത്തിയതാണ് മുഹമ്മദെന്ന് നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയ പൊലിസ് മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അമ്പലവയല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. സുല്‍ത്താന്‍ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബെന്നി, അമ്പലവയല്‍ എസ്.ഐ ഷോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."