ദാരിദ്ര്യനിർമാർജനത്തിന് വഴിയെന്ത്?
പ്രൊഫ. കെ. അരവിന്ദാക്ഷൻ
നീതി ആയോഗ് തയാറാക്കിയതും സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടതുമായ ദാരിദ്ര്യം സംബന്ധമായ കണക്കുകൾ വലിയ തോതിലുള്ള അത്ഭുതങ്ങളൊന്നും സൃഷ്ടിക്കുകയുണ്ടായില്ല. മുൻകാലങ്ങളിലെന്നതുപോലെ, വ്യത്യസ്ത മാനങ്ങളുള്ള കണക്കുകളനുസരിച്ച് ദാരിദ്ര്യനിരക്കിൽ മുന്നണിയിലുള്ള സംസ്ഥാനങ്ങൾ ബിഹാർ, ജർഖണ്ഡ്, യു.പി എന്നിവ തന്നെയാണ്. അതേസമയം, പുതിയ നീതി ആയോഗ് പഠനം വഴി തുറന്നിരിക്കുന്നത് ദാരിദ്ര്യത്തിന്റെ പരിശോധനയ്ക്ക് വരുമാനം മാത്രം ഒരു മാനദണ്ഡമാക്കിയാൽ പോരാ എന്ന ആശയത്തിലേക്കാണ്. ദാരിദ്ര്യത്തിൽനിന്നുള്ള മോചനത്തിനപ്പുറം ഇന്ത്യൻ ജനതയുടെ സാമൂഹ്യ- സാംസ്‌കാരിക വളർച്ചയും പുരോഗതിയും ക്ഷേമഐശ്വര്യങ്ങളും കൂടി പരിഗണന കൊടുക്കണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം പുതിയ മാനങ്ങൾ സർക്കാർ ഏജൻസികൾക്കും സർക്കാരിതര ഏജൻസികൾക്കും അവർ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങൾക്കും മാർഗദർശകമാക്കേണ്ടതിന്റെ ആവശ്യകത ഇൗ പഠന റിപ്പോർട്ട് വെളിവാക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയാണ് 2010 മുതൽ ഇത്തരം മേഖലകളുടെ പ്രാധാന്യം തുറന്നുകാട്ടി വരുന്നതെന്നതും ശ്രദ്ധേയമാണ്. ഈ വിധത്തിലൊരു കാഴ്ചപ്പാട് മുൻനിർത്തിയാണ് നീതി ആയോഗ് ദാരിദ്ര്യം സംബന്ധമായ വ്യത്യസ്ത മാനങ്ങളോടുകൂടിയുള്ളൊരു പഠനത്തിന് സന്നദ്ധമായതെന്ന് പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുമാണ്. ഈ അർഥത്തിൽ പുതിയ മൾട്ടി ഡയ്മെൻഷനൽ പോവർട്ടി ഇൻഡെക്‌സ് ഇതാദ്യത്തേതാണെന്ന് കുരുതുന്നതിലും തെറ്റില്ല. ഈ സൂചിക തയാറാക്കുന്നതിനുള്ള അടിസ്ഥാന രേഖയായി സ്വീകരിച്ചിരിക്കുന്നത് 2015-16ലെ നാഷനൽ ഫാമിലി ഹെൽത്ത് സർവേയാണ് (എൻ.എഫ്.എച്ച്.എസ്), അതായത് ദേശീയ കുടുംബാരോഗ്യ അവലോകനത്തിന്റെ നാലാമത്തെ പതിപ്പിനെയാണ്. ഇത്തരമൊരു കൃത്യത്തിന് മോദി സർക്കാർ ഇറങ്ങിത്തിരിച്ചത് വെറുതെയായിരുന്നില്ല. തന്റെ ഭരണത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്തുന്നതിനും രണ്ടാമതും അധികാരത്തിലെത്തുന്നതിനും ഏകാധിപതികൾ മാത്രമല്ല, ജനാധിപത്യവ്യവസ്ഥയിൽ അധികാരത്തിലെത്തുന്ന ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികാരികളും പലപ്പോഴായി പ്രയോഗിച്ചതിന്റെ അനുഭവം നമുക്കുള്ളതുമാണല്ലോ. മോദി സർക്കാരാണെങ്കിൽ ഇതിലെ ഭാഗമായി മുന്നോട്ടുവച്ച പദ്ധതികൾ സ്വഛ് ഭാരത് അഭിയാൻ, ഉജ്ജ്വല യോജന അഭിയാൻ, ആത്മനിർഭർ ഭാരത് അഭിയാൻ തുടങ്ങിയവയുമായിരുന്നു. ഈ വിധത്തിലുള്ള അകർഷകമായ പദ്ധതികൾ വിജയിച്ചോ ഇല്ലയോ എന്നത് ഇനിയും ആധികാരികമായൊരു പഠനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു.
ദാരിദ്ര്യത്തിന്റെ തോത് കണ്ടെത്തുന്നതിനുള്ള രീതിശാസ്ത്രം എന്തെന്നതു സംബന്ധമായി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. ഉദാഹരത്തിന് നീതി ആയോഗ് റിപ്പോർട്ട് വെളിവാക്കുന്നതുപോലെ 25 ശതമാനം ഇന്ത്യക്കാർ ബഹുമുഖ സ്വഭാവമുള്ള ദാരിദ്ര്യത്തിൽ ഉൾപ്പെടുന്നുണ്ടെന്നകാര്യം തന്നെ. ഈ വിഷയത്തിൽ കാണുന്ന രസകരമായ വസ്തുത എന്തെന്നോ? നീതി ആയോഗിന്റെ ഈ കണക്ക് യു.എൻ റിപ്പോർട്ടിൽ കാണുന്നതിലും മൂന്ന് ശതമാനം കുറവാണെന്നതാണ്. അതേ അവസരത്തിൽ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ സൂചിക തയാറാക്കുന്നതിൽ യു.എൻ.ഡി.പി എന്ന ഐക്യരാഷ്ട്ര ഏജൻസിയും നീതി ആയോഗിന്റെ പങ്കാളിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതു കൂടാതെ സംസ്ഥാന സർക്കാരുകളും ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവ് എന്നീ ഏജൻസികൾക്കും പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യ സൂചിക (എം.പി.ഐ), ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ വ്യത്യസ്ത മാനങ്ങൾ കണക്കിലെടുത്തതിനു ശേഷം രൂപപ്പെടുത്തിയതുമാണ്.യു.എൻ പഠനവും ഇന്ത്യൻ പഠനവും തമ്മിൽ എന്തെങ്കിലും വൈരുധ്യങ്ങൾ കാണുന്നുണ്ടെങ്കിൽ അത് നീതി ആയോഗിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ തുടർന്നായിരിക്കാനാണ് സാധ്യത. വിശിഷ്യാ ആരോഗ്യസംരക്ഷണവും ജീവിത നിലവാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വന്നുചേർന്ന പാകപ്പിഴവുകൾ. എന്നാൽ സമീപകാലത്ത് ഇതിൽ അൽപം മാറ്റമുണ്ടായിട്ടുള്ളതായാണ് കാണുന്നത്.
മോദി സർക്കാർ അവകാശപ്പെടുന്നതുപോലെയാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ പുതിയൊരു പഠനം നടത്താൻ ആരംഭിക്കാൻ സാധ്യത കാണുന്നുണ്ട്. സമീപകാലത്ത് പുറത്തുവന്ന 2019-21 ലേക്കുള്ള ദേശീയ ഗാർഹിക സർവേ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കണക്കിലെടുത്തതിന്റെ അടിസ്ഥാനത്തിൽ പിന്നിട്ട അഞ്ചുവർഷക്കാലയളവിൽ ദേശീയതലത്തിൽ ഉണ്ടായ സാമൂഹ്യ- സാമ്പത്തിക പുരോഗതിയുടെ കൂടി വെളിച്ചത്തിലായിരിക്കും പുതിയ സർവേയ്ക്ക് തുടക്കം കുറിക്കുക എന്നു പറയപ്പെടുന്നു. പ്രാഥമികമായി ലഭ്യമാകുന്ന വിവരങ്ങൾ കാണിക്കുന്നത് ഒടുവിലത്തെ കുടുംബ സർവേയനുസരിച്ച് വൈദ്യുതി ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത തുടങ്ങിയ കാര്യങ്ങളിലെ സ്ഥിതി പരിമിതമായ തോതിലാണെങ്കിൽ കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ്. ഈ വിധത്തിൽ പരിശോധിക്കുമ്പോൾ ദാരിദ്ര്യത്തിൽ ബഹുമുഖ സ്വഭാവത്തിലും അൽപമായെങ്കിലും സ്ഥിതി മെച്ചമായിരിക്കാനാണ് സാധ്യത. എന്നാൽ ഇന്ത്യപ്പോലെ 135 കോടിയിൽപരം ജനസംഖ്യയുള്ളൊരു ഭൂപ്രദേശത്ത് ഭൂമിശാസ്ത്രപരവും വികസനപരവും മറ്റുമുള്ള വൈവിധ്യങ്ങൾ ഒട്ടേറെ നിലവിലുണ്ടെന്നതിനാൽ ദാരിദ്ര്യ നിർമാർജന പ്രക്രിയ അത്ര എളുപ്പത്തിൽ പൂർത്തീകരിക്കപ്പെടുമെന്നു കരുതേണ്ടതില്ല.
പ്രശ്‌നപരിഹാരം പൂർത്തീകരിക്കുക ഒരു ദീർഘകാല പ്രയത്‌നത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായി മാത്രമേ നേടാനും കഴിയുകയുള്ളൂ. വൻകിട വികസന പദ്ധതികൾക്ക് രൂപംകൊടുത്താൽ മാത്രം മതിയാവില്ല. അവയുടെ തുടർച്ചയായതും കാര്യക്ഷമവും സമയബന്ധിതവുമായ പൂർത്തീകരണവും ഉറപ്പാക്കണം. നിലനിൽക്കുന്ന സാമൂഹ്യ- സാമ്പത്തിക പുരോഗതിയാണ് ലക്ഷമെങ്കിൽ ദാരിദ്ര്യനിർമാർജനമാണ് അടിയന്തര പ്രാധാന്യം നൽകി പ്രായോഗികമാക്കേണ്ട നടപടി. ബഹുമുഖ സ്വഭാവമുള്ള ദാരിദ്ര്യം ഒരു ഇന്ത്യൻ യാഥാർഥ്യമാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യം നിലവിലിരിക്കെ, വികസനം ഉറപ്പാക്കാൻ വേറെ കുറുക്കുവഴികളില്ല.
വലിയ തോതിലുള്ള പ്രചാരണ കോലാഹരണങ്ങൾക്കുശേഷം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ''ഉജ്ജ്വല'' എന്ന പാചക വാതക പദ്ധതി, ഏത് വഴിക്കാണ് ഓടിമറഞ്ഞതെന്ന് ആർക്കും അറിയില്ല. അതുപോലെ തന്നെ വായുവിൽ അലിഞ്ഞുപോയ മറ്റൊരു മോദി വിലാസം പ്രതിഛായ നിർമാണ പദ്ധതിയാണ് ''ഹർ ഖർമെം നാൽ-'' ഓരോ വീട്ടിലും ടാപ്പ് എന്ന ഏർപ്പാട്. പലയിടത്തും പൈപ്പ് ലൈനും ടാപ്പുകളും എത്തിയിട്ടില്ല എന്നതോ പോകട്ടെ ഇതെല്ലാം സജ്ജീകരിക്കപ്പെട്ട ഇടങ്ങളിൽ പൈപ്പുകളിൽ വെള്ളവുമില്ല എന്നതാണ് അവസ്ഥ. മോദി തന്നെ ഉയർത്തിക്കാട്ടിയ ''സ്വഛ് ഭാരത് അഭിയാൻ'' ഇന്ന് ഏത് അവസ്ഥയിലാണെന്ന് അജ്ഞാതമായി തുടരുകയാണ്. സമാനമായ ഗതിയാണ് എല്ലാ കുടുംബങ്ങൾക്കും വൈദ്യുതി എത്തിക്കുക എന്ന ആകർഷണീയമായ പദ്ധതിയും. പ്രധാനമന്ത്രി അവകാശപ്പെട്ടത് ഈ പദ്ധതി 24 x7 ഗുണമേന്മയുള്ള ഊർജം എന്ന ലക്ഷ്യത്തോടെയുള്ള ഒന്നാണ് എന്നായിരുന്നു. രാഷ്ട്രീയ ഇഛാശക്തിയില്ലായ്മക്കും പ്രായോഗിക ബുദ്ധി ഇല്ലായ്മക്കും ഇരയായി മാറിയൊരു നല്ല പദ്ധതി തന്നെയായിരുന്നു ഇത്. നിലവിൽ ഇത്തരം സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമല്ലെന്നിരിക്കെ വാഗ്ദാന ലംഘനങ്ങളുടെ ദൈർഘ്യം കൂട്ടുക എന്നതിലുപരി ഇതുകൊണ്ടൊന്നും നേടാൻ കഴിയുന്നില്ല. കഴിയുകയുമില്ല. രാഷ്ട്രീയ ഇച്ഛാശക്തിയോ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയോ ഈ ക്ഷേമതൽപരതയോ ഇല്ലാത്തൊരു ഭരണകൂടമാണ് ഇന്ത്യയിലിപ്പോൾ കേന്ദ്ര ഭരണത്തിലുള്ളതെന്നതിന് ഇതിലേറെ എന്താണ് തെളിവ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."