രാത്രികാല കർഫ്യൂ യുക്തിരഹിതം
ഇടവേളയ്ക്കു ശേഷം രാജ്യം വീണ്ടുമൊരു അടച്ചുപൂട്ടലിലേക്ക് പോകുകയാണോയെന്ന ആശങ്ക ഉയർത്തുംവിധമാണ് ഒമിക്രോൺ കേസുകൾ വർധിക്കുന്നത്. ഇതിനകം പല വിദേശ രാജ്യങ്ങളും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ നീട്ടിവയ്ക്കണോയെന്ന ആലോചന നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ ഭാഗമായാകണം സംസ്ഥാന സർക്കാരും നാളെ മുതൽ ജനവരി രണ്ടുവരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാത്രി പത്തു മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന സമിതിയാണ് തീരുമാനമെടുത്തത്. പുതുവത്സരാഘോഷം അടുത്തിരിക്കുന്ന വേളയിൽ ഇത്തരമൊരു നിയന്ത്രണം സ്വാഗതാർഹമാണ്. എന്നാൽ, ഒമിക്രോണിന്റെ പേരിൽ ഇത്തരമൊരു നിയന്ത്രണത്തിൽ യുക്തിരാഹിത്യവുമുണ്ട്.
പുതുവർഷത്തെ വരവേൽക്കാനായി ബീച്ചുകളിലും റെസ്റ്റോറന്റുകളിലും വമ്പിച്ച ആൾക്കൂട്ടമുണ്ടാകാറുണ്ട്. ഒമിക്രോണിന്റെ വ്യാപനശേഷി ഡെൽറ്റാ വകഭേദത്തേക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കുകതന്നെ വേണം. കർശന നിയന്ത്രണമില്ലെങ്കിൽ പുതുവർഷം ആഘോഷിക്കുന്നവരുടെ ബാഹുല്യം വീണ്ടുമൊരു അപകടത്തിലേക്കായിരിക്കും എത്തിക്കുക എന്നതും സമ്മതിക്കാം.
നിയന്ത്രണങ്ങളിൽ ചെറിയൊരു ഇളവ് വരുത്തുമ്പോഴേക്കും സർവതന്ത്ര സ്വതന്ത്രരെപ്പോലെയാണ് ആളുകൾ പൊതുയിടങ്ങളിൽ പെരുമാറുന്നത്. പലരും സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യുന്നില്ല. നാലാം തരംഗമായ ഒമിക്രോണിനെ സംബന്ധിച്ച വാർത്തകൾ വന്നിട്ടും ദിനേന രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുകയാണെന്നറിഞ്ഞിട്ടും അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന രീതിയിലാണ് പൊതുയിടങ്ങളിൽ ആളുകൾ പെരുമാറിക്കൊണ്ടിരിക്കുന്നത്.
രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 658 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. തൊട്ടുപിന്നാലെ ഡൽഹിയും ഗുജറാത്തും കേരളവും അതിന് പിന്നാലെ രാജസ്ഥാനുമുണ്ട്. ജനുവരി അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കാനും ഇടയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഒമിക്രോൺ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക ശ്രേണീകരണം നടത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.
പുതുവർഷാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ഡി.ജെ പാർട്ടി പോലുള്ള മയക്ക്മരുന്ന് പാർട്ടികൾ നടത്താനുള്ള സാധ്യതയുണ്ടെന്ന് രണ്ട് ദിവസം മുമ്പാണ് കേരളാ പൊലിസിൽനിന്നു സമൂഹമാധ്യമങ്ങൾ വഴി രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് കിട്ടിയത്. മയക്ക്മരുന്ന് ലോബിയാണ് ഇത്തരം ആഘോഷങ്ങൾക്ക് പിന്നിലെന്നും പൊലിസ് പറയുന്നു. സ്കൂളിലെ പുതുവത്സരാഘോഷമാണ് നടക്കുന്നതെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ കുട്ടികളുടെ ഭാഗത്തുനിന്നു ശ്രമമുണ്ടാകുന്നുണ്ടെന്നും പൊലിസിന്റെ മുന്നറിയിപ്പിൽ പറയുന്നുണ്ട്. സ്കൂളുകളിലൊന്നും ഇത്തരം ആഘോഷങ്ങൾ നടക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ രാത്രി പത്തു കഴിഞ്ഞാൽ റോഡിൽ വാഹനങ്ങൾ കാണാൻ പാടില്ലെന്നും ക്ലബുകളും ബാറുകളും റെസ്റ്റോറന്റുകളും പ്രവർത്തിക്കാൻ പാടില്ലെന്നുമുള്ള സർക്കാർ നിർദേശം സ്വാഗതാർഹമാണ്.
പുതുവർഷം അടുത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ ജനുവരി രണ്ട് വരെ പ്രബല്യത്തിലുള്ള രാത്രികാല കർഫ്യൂ ഉപകാരപ്പെടും. പക്ഷേ, ഒമിക്രോൺ വ്യാപനം തടയാനാകില്ല. രാത്രികാല നിയന്ത്രണങ്ങളെ നിഷ്പ്രഭമാക്കുംവിധമാണ് പകൽ സമയങ്ങളിലെ ആൾക്കൂട്ടങ്ങൾ. കല്യാണ ചടങ്ങുകളിലും ഷോപ്പിങ് മാളുകളിലും പൊതുയിടങ്ങളിലുമെല്ലാം നിയന്ത്രണങ്ങൾ ഇല്ലാത്ത വിധമാണ് ആളുകൾ കൂടുന്നത്. സംഘടനകളും രാഷ്ടീയ പാർട്ടികളും റാലികളും സമ്മേളനങ്ങളും യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ നടത്തിക്കൊണ്ടിരിക്കുന്നു. പകൽ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലിയും സമ്മേളനവും നടത്തിയിട്ട് രാത്രികാലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ട് എന്തു കാര്യമെന്നാണ് ബി.ജെ.പി നേതാവ് വരുൺ ഗാന്ധി എം.പി യു.പി സർക്കാരിനോട് ചോദിച്ചത്. ഈ വിമർശനം ഉയർത്തിയാണ് കഴിഞ്ഞ ദിവസം യോഗി സർക്കാരിനെതിരേ അദ്ദേഹം രംഗത്തുവന്നതും. ഒമിക്രോൺ പശ്ചാത്തലത്തിൽ യു.പിയിൽ നടപ്പാക്കിയ നിയന്ത്രണം യുക്തിക്ക് നിരക്കാത്തതാണെന്നും വരുൺ ഗാന്ധി എടുത്തുപറയുകയുണ്ടായി.
ഇത്തരമൊരു യുക്തിയില്ലായ്മ സംസ്ഥാനത്ത് പ്രഖ്യാപിച്ച നാലു ദിവസ രാത്രികാല നിയന്ത്രണങ്ങളിലുമുണ്ട്. പുതുവത്സരാഘോഷത്തിന്റെ മറവിൽ നടക്കാനിരിക്കുന്ന മയക്ക്മരുന്ന് പാർട്ടികളും ആൾക്കൂട്ടങ്ങളും ഉണ്ടായേക്കാവുന്ന അക്രമങ്ങളും അപകടങ്ങളും ഒഴിവാക്കാൻ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട കർഫ്യൂ ഉപകാരപ്പെട്ടേക്കാം. പക്ഷേ, പകൽ സമയങ്ങളിൽ ആളുകളെയും സംഘടനകളെയും രാഷ്ടീയ പാർട്ടികളെയും കയറൂരിവിട്ട് ജനബാഹുല്യം സൃഷ്ടിച്ചതിന് ശേഷം രാത്രികാലങ്ങളിൽ മാത്രം ഏതാനും ദിവസത്തേക്ക്, ഏതാനും മണിക്കൂർ സമയത്തേക്ക് മാത്രം ഒമിക്രോണിന്റെ പേര് പറഞ്ഞ് നിയന്ത്രണമേർപ്പെടുത്തുന്നത് രാഷ്ട്രീയ താൽപര്യത്തോടെയാണോ? അല്ലെങ്കിൽ, ഇത്തരമൊരു തീരുമാനത്തിൽ തീർച്ചയായും യുക്തിയില്ലായ്മയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."