ലീഗിനെതിരേ വീണ്ടും മുഖ്യമന്ത്രി; തീവ്ര വര്‍ഗീയതയില്‍ അവര്‍ എസ്.ഡി.പി.ഐയോട് മത്സരിക്കുന്നു; കെ.റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല
മലപ്പുറം: മുസ്ലിം ലീഗിനോടുള്ള കലിയടങ്ങാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കിയാണ് അണിയുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. മലപ്പുറത്ത് സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊയ്മുഖം കാണിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും ആ സംഘടനയുടെ മേലങ്കി എന്തിനാണ് ലീഗ് അണിയുന്നതെന്നു ചോദിച്ച അദ്ദേഹം കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
മുസ്‌ലിം ലീഗ് പണ്ഡിതരെ ഇകഴ്ത്തുന്നു. മതേതര നിലപാടെടുക്കുന്നവരേ
പുച്ഛിക്കുന്നു. തീവ്ര വര്‍ഗീയതയുടെ കാര്യത്തില്‍ എസ്.ഡി.പി.ഐയോടാണവര്‍ മത്സരിക്കുന്നത്. താന്‍ കുട്ടിയായിരിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. ആ അച്ഛനും വഖഫ് പി.എസ്.സി നിയമനവും തമ്മില്‍ എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലീഗ് നടത്തിയ വഖഫ് റാലിയില്‍ വിളിച്ച മുദ്രാവാക്യം എന്താണെന്നും എന്താണതിന്റെ അര്‍ഥമെന്നും അദ്ദേഹം ചോദിച്ചു. ചെത്തുകാരന്റെ മകനാണെന്ന് എത്രയോ തവണ പറഞ്ഞതാണ്. അങ്ങനെ പറഞ്ഞാല്‍ തനിക്ക് ക്ഷീണമാകുമെന്നാണോ ലീഗ് ധരിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വര്‍ഗീയ സംഘടനകളോട് സര്‍ക്കാരിനൊരു വിട്ടുവീഴ്ചയുമില്ലെന്നോര്‍മിപ്പിച്ച മുഖ്യമന്ത്രി കെ.റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന മുന്നറിയിപ്പും നല്‍കി. പദ്ധതി നടപ്പാക്കുമ്പോള്‍ ആരും പ്രയാസപെടേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതക്കെതിരേ നിലപാടെടുക്കാതെ കോണ്‍ഗ്രസ് രാജ്യത്ത് ക്ഷയിച്ചു. ഈ സ്ഥിതി തന്നെ ലീഗിനും സംഭവിക്കുമെന്നും പിണറായി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്തുനടന്ന വഖ്ഫ് ബോര്‍ഡ് സംരക്ഷണ റാലിയുടെ വിജയത്തിനുശേഷമാണ് മുഖ്യമന്ത്രി മുസ്ലിം ലീഗിനെ കടന്നാക്രമിക്കാന്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."