വയോധികനെ കൊന്നത് തങ്ങളെന്ന് ആവർത്തിച്ച് പെൺകുട്ടികൾ
അമ്പലവയൽ (വയനാട്)
അമ്പലവയൽ ആയിരംകൊല്ലിയിൽ മാതാവിനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ എഴുപതുകാരൻ മുഹമ്മദിനെ കൊന്ന് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചത് തങ്ങളെന്ന് ആവർത്തിച്ച് പൊലിസിൽ കീഴടങ്ങിയ പെൺകുട്ടികൾ.
ഇന്നലെ തെളിവെടുപ്പിനായി മാതാവിനൊപ്പം ആയിരംകൊല്ലിയിലെ വീട്ടിലെത്തിച്ചപ്പോഴും ചൊവ്വാഴ്ച പൊലിസിന് നൽകിയ മൊഴിയിൽ പെൺകുട്ടികൾ രണ്ടുപേരും ഉറച്ച് നിൽക്കുകയായിരുന്നു. അതേസമയം കുട്ടികളും മാതാവും ചേർന്നാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലിസുള്ളത്.
തെളിവെടുപ്പ് വീട്ടിലെത്തിച്ചപ്പോൾ കൊലക്ക് ഉപയോഗിച്ച കോടാലിയും കാൽ വെട്ടിമാറ്റാൻ ഉപയോഗിച്ച കത്തിയും ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും മാതാവാണ് പൊലിസിന് എടുത്ത് നൽകിയത്. മുറിച്ചുമാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗ് കുട്ടികളും പൊലിസിന് കാണിച്ചുകൊടുത്തു.
ആസൂത്രിത കൊലപാതകമല്ല നടന്നതെന്ന നിഗമനത്തിലാണ് പൊലിസുള്ളത്. പെട്ടെന്നുണ്ടായ പ്രതിരോധത്തിനിടയിൽ സംഭവിച്ചതാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കൊല്ലപ്പെട്ട മുഹമ്മദ് പലപ്പോഴായി ഇവരെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന സൂചനയും പൊലിസ് നൽകുന്നുണ്ട്.
തെളിവെടുപ്പ് നടക്കുമ്പോൾ മുഹമ്മദിന്റെ രണ്ട് ഭാര്യമാരും കൊലനടന്ന വീട്ടിലുണ്ടായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ മാതാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കാസർകോട് വനിതാ ജയിലിലേക്ക് മാറ്റി.
പെൺകുട്ടികളെ മാനന്തവാടി ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം വെളിമാടുകുന്നുള്ള ജുവനൈൽ ഹോമിലേക്ക് മാറ്റി. തെളിവ് നശിപ്പിക്കലടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് മാതാവിനെതിരേ കേസെടുത്തിരിക്കുന്നതെന്നും കൽപ്പറ്റ ഡിവൈ.എസ്.പി എം.ഡി സുനിൽ പറഞ്ഞു.
അതിനിടെ കൊലനടത്തിയത് പെൺകുട്ടികളല്ലെന്നും തന്റെ സഹോദരനും മകനുമാണെന്ന ആരോപണവുമായി മുഹമ്മദിന്റെ രണ്ടാം ഭാര്യ തെളിവെടുപ്പിനിടെ രംഗത്തെത്തി. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിട്ടുകൊടുത്ത മുഹമ്മദിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കോഴിക്കോട് കുന്നമംഗലത്ത് ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."