കെ.റെയില്‍ പദ്ധതിക്കുള്ള അനുമതി തേടി കേന്ദ്രത്തിനു മുന്നില്‍ കേരളം; കൊവിഡ് പ്രതിസന്ധി മറിക്കടക്കാന്‍ പ്രത്യേക പാക്കേജും വേണം
തിരുവനന്തപുരം: കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വാക്ക് പോരുകള്‍ തുടരവേ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തിനു മുന്നില്‍. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിക്ക് ആദ്യം കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാങ്കേതിക അനുമതി ലഭിക്കണം. അതുകൂടി ലഭിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ വലിയ അവകാശവാദവും പദ്ധതി പ്രാവര്‍ത്തികമായെന്നുമുള്ള രീതിയില്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. അതിനിടെ പ്രതിപക്ഷ നിലപാട് പദ്ധതിക്കെതിരായതിനാല്‍ തിരിച്ചടിയാകാനുള്ള സാധ്യത മുന്നില്‍കണ്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപ്പിച്ചിരിക്കുന്നത്.
അതേ സമയം കൊവിഡ് പ്രതിസന്ധി മറിക്കടക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ജിഎസ്.ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്ന് ശതമാനം വര്‍ധിപ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍ കേരളത്തിനുള്ള വിഹിതം വര്‍ധിപ്പിക്കുക, ദേശീയ ആരോഗ്യ മിഷന്‍ ചെലവ് 100 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷന്റെ പ്രവര്‍ത്തനത്തിലെ ചെലവ് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ഇപ്പോള്‍ വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."