വി.സി നിയമനം ഗവര്‍ണര്‍ക്കെതിരേ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് സതീശന്‍
തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമന വിവാദത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് പ്രതിപക്ഷവും. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നു എന്ന ഗവര്‍ണറുടെ നിലാപടിനെ നേതാക്കള്‍ വിമര്‍ശിച്ചു.
വി.സി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ് ചാന്‍സലറെ നിയമിച്ചത്. അതു മറികടക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ സാധിക്കും?
ചാന്‍സലറുടെ നിലപാടിനെതിരേ നിയമനടപടി സ്വീകരിക്കും. ചാന്‍സലര്‍ പദവിയില്‍നിന്ന് നിയമസഭ ഗവര്‍ണറെ മാറ്റുന്നതുവരെ അദ്ദേഹം ആ പദവിയില്‍ തുടരാന്‍ ബാധ്യസ്ഥനാണ്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിയമപരമായ നടപടികള്‍ ഗവര്‍ണര്‍ പൂര്‍ത്തിയാക്കണം.സര്‍ക്കാര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ ചാന്‍സലറുടെ അധികാരമുപയോഗിച്ച് അതിനെ എതിര്‍ക്കുകയാണ് ചെയ്യേണ്ടത്. ഉന്നത വിദ്യാഭ്യാസമന്ത്രി നിയമവിരുദ്ധമായി സെര്‍ച്ച് കമ്മിറ്റി റദ്ദാക്കിയതിനെ ഗവര്‍ണര്‍ അംഗീകരിച്ചത് സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ഓഫിസില്‍നിന്ന് രേഖകള്‍ ലഭിക്കാത്തത് ലോകായുക്തയെ സമീപിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പറ്റിയ തെറ്റു തിരുത്താന്‍ ഗവര്‍ണര്‍ തയാറാകുകയാണ് വേണ്ടത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നത് സര്‍വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. നിയമസഭ പാസാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ പൊടുന്നനെ വേണ്ടെന്നുവയ്ക്കുന്നത് സര്‍വകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."