HOME
DETAILS

'സി.ബി.ഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു'

  
backup
December 30 2021 | 20:12 PM

cbi-enquiry-valayar-case565964855648111

വാളയാറിലെ 13ഉം എട്ടും വയസുള്ള പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആദ്യം പൊലിസും പിന്നീട് സി.ബി.ഐയും കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ സാംസ്‌കാരിക കേരളം നെറ്റി ചുളിക്കുകയാണ്. എവിടെയൊക്കെയോ ചില പൊരുത്തക്കേടുകള്‍ ഇപ്പോഴും ബാക്കിയില്ലേയെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ വസ്തുതകളുടെ അടിവേരുകള്‍ തേടിപ്പോകുമ്പോള്‍ ഇവിടെ തോറ്റുപോകുന്നത് നീതിന്യായവ്യവസ്ഥ മാത്രമല്ല, പൊതുസമൂഹം ഒന്നാകെയാണെന്ന തോന്നല്‍ ശക്തമാകുന്നു. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാതാപിതാക്കളുടെ പ്രതികരണം തേടിയെത്തിയതാണ് വാളയാറിലെ അട്ടപ്പള്ളത്തെ ഇരട്ട മരണം നടന്ന വീട്ടില്‍. തൊഴിലുറപ്പ് ജോലിയില്ലെങ്കില്‍ പട്ടിണിയാകുമെന്നതിനാല്‍ വൈകിട്ട് അഞ്ചുമണിക്കുശേഷമേ കാണാന്‍ കഴിയൂ എന്ന് കുട്ടികളുടെ മാതാവ് ഭാഗ്യവതി അറിയിച്ചിരുന്നു. പ്ലാസ്റ്റിക്ക് ഷീറ്റും പഴയ തകിടും ഉപയോഗിച്ച് വര്‍ഷങ്ങളോളം താമസിച്ച ഷെഡില്‍ തന്റെ രണ്ടുകുട്ടികള്‍ വലിയ ഇടവേളകളില്ലാതെ പിടഞ്ഞുമരിച്ച ദുരന്തത്തെക്കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും ഭാഗ്യവതി വിവരിക്കുമ്പോള്‍ അവര്‍ തീര്‍ത്തും ക്ഷീണിതയായിരുന്നു. പ്രതീക്ഷകള്‍ മങ്ങുന്നുവെന്നും നീതി കിട്ടിയില്ലെങ്കില്‍ ഞങ്ങളുടെ മക്കളുടെ അടുത്തേക്ക് പോകേണ്ടി വരുമെന്നുമുള്ള മുഖവുരയില്‍ തുടങ്ങിയ അവര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ നെഞ്ചിലേക്ക് ആഴത്തില്‍ തറക്കുന്നുവെന്ന് തോന്നി.

? കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് അവര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. എന്താണ് പറയാനുള്ളത്

= പൊലിസില്‍നിന്ന് മക്കള്‍ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സി.ബി.ഐ വന്നാല്‍ നേരുള്ള അന്വേഷണം നടക്കുമെന്നും മക്കള്‍ക്ക് നീതി ഉറപ്പാകുമെന്നുമായിരുന്നു കരുതിയത്. എന്നാല്‍ ഡിവൈ.എസ്.പി സോജന്‍ അവസാനിപ്പിച്ചുവച്ചത് പൊടിതട്ടിയെടുത്ത് ആവര്‍ത്തിക്കുക മാത്രമാണ് സി.ബി.ഐ ചെയ്തത്. പൊലിസ് പോയ അന്വേഷണ വഴികളില്‍ പോയതല്ലാതെ പുതിയ വഴികളൊന്നും സി.ബി.ഐ തേടിയില്ല. രക്ഷിതാക്കളുടെയും സമരസമിതിയുടെയും പരാതികളോ സാക്ഷി മൊഴികളോ സൂചനകളോ അവര്‍ പരിഗണിച്ചില്ല. കുട്ടികളുടെ രക്ഷിതാക്കളെന്ന നിലയില്‍ തങ്ങളെ വിശദമായി കേള്‍ക്കാന്‍ പോലും സി.ബി.ഐ തയാറാവാതിരുന്നത് ഡിവൈ.എസ്.പി സോജന്റെ ശ്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതില്‍ പൊലിസ് സംവിധാനങ്ങളുടെയും സര്‍ക്കാരിന്റെയും ഇടപെടലുണ്ടായിട്ടുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സി.ബി.ഐ കേസ് അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ ഞങ്ങള്‍ ഏറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിരുന്നു.
? പൊലിസ് അന്വേഷണം വേണ്ടെന്നും സി.ബി.ഐ മതിയെന്നും ശക്തമായ ആവശ്യപ്പെട്ട നിങ്ങള്‍ തന്നെ ഇപ്പോള്‍ സി.ബി.ഐ നേര്‍വഴിക്കല്ലെന്ന് പറയുന്നു. എന്തുകൊണ്ടാണ് ഈ മാറ്റം

= പൊലിസ് അവഗണിച്ചതും ശ്രദ്ധിക്കാതിരുന്നതുമായ കാര്യങ്ങള്‍ അക്കമിട്ട് വിശദീകരിച്ച് സി.ബി.ഐ അന്വേഷണ സംഘത്തിന് കൈമാറിയിട്ടും അവര്‍ അത് പരിഗണിക്കുക പോലും ചെയ്യാതിരുന്നത് ബാഹ്യഇടപെടലിന്റെ ഫലമാണ്. രണ്ടുകുട്ടികളുടെയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മിലും ചില വൈരുദ്ധ്യങ്ങളുണ്ട്. അതും പരിഗണിച്ചിട്ടില്ല. കുഞ്ഞുങ്ങളുടെ അധ്യാപകര്‍ മുതല്‍ അയല്‍വാസികള്‍ വരേയുള്ള 21 പേരുടെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും അവര്‍ തയാറായിട്ടില്ല. ഇതില്‍ പലരും മരണം നടന്ന ശേഷം ഇന്‍ക്വസ്റ്റ് നടപടികളുടെ സാക്ഷികളാണ്. അവരെ അവഗണിച്ചാണ് സി.ബി.ഐ മുന്നോട്ടുപോയത്. മധു വലിയകുട്ടിയെ ഉപദ്രവിക്കുന്നത് അച്ഛന്‍ കണ്ടിട്ടുണ്ട്. അക്കാര്യവും അവളെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം രണ്ടുപേര്‍ മുഖംമറച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത് ഇളയകുട്ടി കണ്ടതും പൊലിസിനോട് പറഞ്ഞിരുന്നു. ഞങ്ങള്‍ പൊലിസിനെ കണ്ണടച്ചു വിശ്വസിച്ചു. അവര്‍ ഞങ്ങള്‍ക്കൊപ്പമാണെന്നു വിശ്വസിപ്പിച്ചു. എഫ്.ഐ.ആര്‍ പോലും വായിച്ചുകേള്‍പ്പിച്ചില്ല. അവര്‍ ആവശ്യപ്പെട്ട പേപ്പറുകളിലൊക്കെ ഞങ്ങള്‍ ഒപ്പിട്ടുനല്‍കി. അവസാനം കോടതിയിലെത്തിയതു ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളേ അല്ലായിരുന്നു. പൊലിസിനു തോന്നിയതാണ് അവര്‍ എഴുതിപ്പിടിപ്പിച്ചത്. ആര്‍ക്കുവേണ്ടിയാണ് അവരിതു ചെയ്തത്?

? മൂത്ത കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷി കൂടിയായിരുന്നു ചെറിയ മകള്‍. അവളുടെ മരണവും ആദ്യമരണത്തിന്റെ തുടര്‍ച്ചയാണോ

= മൂത്ത കുട്ടിയുടെ മരണശേഷം, വലുതായാല്‍ പൊലിസാകാനായിരുന്നു ഇളയമോള്‍ക്ക് ആഗ്രഹം. ഇടയ്ക്കിടെ ഇതേക്കുറിച്ച് അവള്‍ പറയുമായിരുന്നു. പഠിച്ച് പൊലിസായിട്ട്, അന്നു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മുഖം മറച്ച ആളുകളെ കണ്ടുപിടിക്കുമെന്നും അവരെ ശിക്ഷിക്കും എന്നൊക്കെ. അത്തരമൊരു സാധ്യത ഇല്ലാതാക്കാനാണ് ഇളയമകളെയും അവര്‍ കൊന്നത്. പ്രോസിക്യൂഷനും പൊലിസും സര്‍ക്കാരും ഒത്തുകളിച്ചാണ് ആദ്യം ഞങ്ങള്‍ക്ക് നീതി നിഷേധിച്ചത്. അത് ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. പൊലിസിന്റെ സ്ഥാനത്ത് സി.ബി.ഐ ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ. കൊലപാതകത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സി.ബി.ഐ ഒരു ഘട്ടത്തിലും പരിശോധിച്ചില്ല. ഡമ്മി പരീക്ഷണം നടത്താന്‍ സി.ബി.ഐ സംഘം എത്തിയ ദിവസവും തങ്ങളുടെ സംശയങ്ങള്‍ ബലപ്പെടുത്തുന്ന രീതിയിലാണ് ഉദ്യോഗസ്ഥര്‍ നിലപാട് സ്വീകരിച്ചിരുന്നത്. ഇളയകുട്ടിയുടെയും വലിയ കുട്ടിയുടെയും ശരീരഭാരവും ഉയരവും രണ്ടാണ്. എന്നിട്ടും ഒരു ഡമ്മിതന്നെ ഉപയോഗിച്ചാണ് രണ്ടുകുട്ടികളുടെയും പരീക്ഷണങ്ങള്‍ നടത്തിയത്. മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം ചെറിയ കുട്ടി നിലത്ത് ഉരുളീസില്‍ കാല്‍പാദം ഊന്നിയാണ് നിന്നിരുന്നത്. എന്നാല്‍ സി.ബി.ഐ സംഘം ബോഡി കയറില്‍ തൂങ്ങിനില്‍ക്കുന്ന രീതിയിലാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇതേക്കുറിച്ച് അപ്പോള്‍ തന്നെ ചൂണ്ടിക്കാണിച്ചെങ്കിലും വ്യക്തമായ മറുപടിയല്ല സി.ബി.ഐയില്‍നിന്ന് ലഭിച്ചത്. ഡമ്മി പരീക്ഷണം കഴിഞ്ഞ് രണ്ടാഴ്ചയാകും മുന്നേ കുറ്റപത്രം നല്‍കാന്‍ ധൃതി കാണിച്ചതിനു പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ടെന്നാണ് സമരസമിതി വിലയിരുത്തുന്നത്.

? എന്തുകൊണ്ടായിരിക്കാം സി.ബി.ഐ ഇത്ര പെട്ടെന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ താല്‍പ്പര്യം കാണിച്ചത്

= ഡിവൈ.എസ്.പി സോജന്‍ സ്വകാര്യചാനലില്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനെതിരേ നല്‍കിയ പരാതിയില്‍ ജനുവരി ആറിന് കോടതിയില്‍ ഹാജരാകാനുള്ളതുകൊണ്ടാണ് അതിനു മുമ്പുതന്നെ സി.ബി.ഐ കുട്ടികളുടേത് ആത്മഹത്യതന്നെയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂത്തകുട്ടിയുടേയും ചെറിയ കുട്ടിയുടേയും മരണവുമായി ബന്ധപ്പെട്ട് 99 സാക്ഷികളാണുണ്ടായിരുന്നത്. എന്നാല്‍ കേസിന് ശക്തിപകരുന്ന സാക്ഷികളെ ഒഴിവാക്കി ആകെ 15 സാക്ഷികളേയാണ് കോടതിയുടെ മുന്നിലേക്ക് എത്തിച്ചത്. സി.ബി.ഐ ഇത്തരത്തില്‍ സാക്ഷിപ്പട്ടിക ചുരുക്കിയതെന്തിനെന്ന് അവര്‍ വ്യക്തമാക്കണം.

? പുതിയ സാഹചര്യത്തില്‍ കുടുംബത്തിന്റെയും സമരസമിതിയുടെയും പ്രതീക്ഷകള്‍ നഷ്ടപ്പെടുകയാണോ

= മക്കളുടെ വസ്ത്രങ്ങളും ചെരുപ്പുകളും നെഞ്ചോട് ചേര്‍ത്ത് കരഞ്ഞുതീര്‍ക്കാനാണ് നാലുവര്‍ഷത്തിന് ശേഷവും കുടുംബത്തിന്റെ വിധി. എന്റെ മക്കള്‍ക്കു നീതി ലഭിക്കണം. രണ്ടു വര്‍ഷത്തിലധികമായി ഞങ്ങള്‍ കുടിച്ച കണ്ണീരിനു ഫലമുണ്ടാകണം. അഥവാ, ഇതെല്ലാം വെറുതെയായാല്‍ പിന്നെ ഒന്നും നോക്കാനില്ല, അവര്‍ പോയ ഇടത്തേക്കു ഞങ്ങളും പോകും. ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടും താഴ്ന്ന ജാതിക്കാരായതുകൊണ്ടുമാണ് ഈ ഗതി വന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago