കോടതിയില്‍ ആര് മറുപടി നല്‍കും സര്‍ക്കാരോ? ഗവര്‍ണറോ?
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട അപ്പീലില്‍ ഒന്നാം എതിര്‍കക്ഷിയായ ചാന്‍സലര്‍ക്ക് ഹൈക്കോടതി നല്‍കിയ നോട്ടിസിന് ആര് മറുപടി നല്‍കും. സര്‍ക്കാരോ? ഗവര്‍ണറോ?.
കോടതിയില്‍ നിന്ന് പ്രത്യേക ദൂതന്‍ വഴി അയച്ച നോട്ടിസ് ഗവര്‍ണര്‍ കൈപ്പറ്റാതെ സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. ചാന്‍സലര്‍ പദവി ഒഴിയുന്നുവെന്ന് കാണിച്ച് ഈ മാസം എട്ടിന് മുഖ്യമന്ത്രിക്ക് കത്തയച്ചത് മുതല്‍ താന്‍ ചാന്‍സലര്‍ അല്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച കത്തിന് സര്‍ക്കാര്‍ എ.ജിയുടെ നിയമോപദേശവും തേടി. എന്നാല്‍ നിയമപരമായി ഗവര്‍ണര്‍ തന്നെയാണ് ചാന്‍സലര്‍ എന്നും ഓര്‍ഡിനന്‍സ് മൂലമോ നിയമസഭയില്‍ ബില്ല് കൊണ്ടു വന്നോ ആ പദവി ഗവര്‍ണറില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ ചാന്‍സലര്‍ അല്ലാതാകുകയുള്ളൂവെന്ന് എ.ജി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കോടതി ചാന്‍സലര്‍ എന്ന നിലയില്‍ നല്‍കിയ കത്തിന് ഗവര്‍ണര്‍ തന്നെ മറുപടി നല്‍കേണ്ടി വരുമെന്നാണ് നിയമ വിദഗ്ധരും പറയുന്നത്.
കോടതി അയച്ച നോട്ടിസ് കൈമാറി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. വി.സി നിയമനം നടത്തിയ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടിലാണ് പാര്‍ട്ടി. നിയമസഭക്ക് വേണമെങ്കില്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റാമെങ്കിലും എല്‍.ഡി.എഫ് അതാഗ്രഹിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വീണ്ടും വ്യക്തമാക്കിയിരുന്നു.
ചാന്‍സലര്‍ പദവി ഗവര്‍ണര്‍ തന്നെ വഹിക്കണമെന്നാണ് സര്‍ക്കാരിന്റെയും നിലപാട്. ഗവര്‍ണര്‍ കോടതിയില്‍ മറുപടി നല്‍കില്ലെന്ന് ഉറച്ചു നിന്നാല്‍ നിയമ വശങ്ങള്‍ ചൂണ്ടിക്കാട്ടിയും രേഖാമൂലമുള്ള എ.ജിയുടെ നിയമോപദേശവും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കും. വി.സിയെ നിയമിച്ചതും നിലവിലെ ചട്ടപ്രകാരം സര്‍വകലാശാലകളുടെ ചാന്‍സലറും ഗവര്‍ണറാണ്. അത് കൊണ്ട് നോട്ടീസില്‍ മറുപടി നല്‍കേണ്ടത് ഗവര്‍ണര്‍ തന്നെയാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
ജനുവരി 12നാണ് അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഇതിനു മുന്നോടിയായി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചുള്ളതാണ് നോട്ടിസ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി, തന്നെ സമ്മര്‍ദ്ദത്തിലാക്കി ഡോ.ഗോപിനാഥ് രവീന്ദ്രനെ വി.സിയായി പുനര്‍നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിച്ചതാണെന്നാണ് ഗവര്‍ണറുടെ ആരോപണം.
നിയമവിരുദ്ധമായ ഉത്തരവിറക്കിയതിന്റെ പേരില്‍ താന്‍ ചാന്‍സലര്‍ പദവി ഒഴിയുകയാണെന്നും മുഖ്യമന്ത്രി അതേറ്റെടുക്കട്ടെയെന്നുമാണ് ഗവര്‍ണറുടെ നിലപാട്. മുഖ്യമന്ത്രിയെ ചാന്‍സലറാക്കാന്‍ ഓര്‍ഡിനന്‍സ് തയാറാക്കി എത്തിച്ചാല്‍ ഒപ്പിടാമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിക്കുകയാണ്.
സര്‍ക്കാരിന്റെ നിയമവിരുദ്ധമായ സമ്മര്‍ദ്ദത്തിന്റെ പേരില്‍ പദവിയൊഴിഞ്ഞെന്ന ഗവര്‍ണറുടെ നിലപാട് കേസില്‍ നിര്‍ണായകമാവും. കേസിലെ രണ്ടാം എതിര്‍കക്ഷിയായ ഉന്നത വിദ്യാഭ്യാസ അഡി.ചീഫ് സെക്രട്ടറിക്കായി അഡ്വക്കേറ്റ് ജനറലും മൂന്നാം കക്ഷിയായ കണ്ണൂര്‍ സര്‍വകലാശാലയ്ക്കായി സ്റ്റാന്‍ഡിങ് കോണ്‍സലും നോട്ടീസ് ഏറ്റുവാങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."