അറസ്റ്റിലായ ഹോങ്കോങ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം
ബെയ്ജിങ്: ദേശവിരുദ്ധത പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഹോങ്കോങ്ങിലെ രണ്ടു പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയതായി ചൈന. ഹോങ്കോങ്ങിലെ സ്റ്റാന്‍ഡ് ന്യൂസ് എഡിറ്റര്മാര്ക്കെതിരേയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. നേരത്തെ മാധ്യമ സ്ഥാപനത്തിന്റെ ഓഫിസില്‍ ചൈനീസ് പൊലിസ് നടത്തിയ റെയ്ഡ്, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ കടുത്ത വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
ഹോങ്കോങ്ങില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് ചൈന കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്റ്റാന്‍ഡ് ന്യൂസ് ഓഫിസില്‍ പൊലിസ് പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, നിരവധി രേഖകള്‍ എന്നിവ പൊലിസ് പിടിച്ചെടുത്തിരുന്നു. പരിശോധനാ സമയത്ത് സ്റ്റാന്‍ഡ് ന്യൂസ് ചീഫ് എഡിറ്റര്‍ പാട്രിക് ലാമിനെ കൈകള്‍ ബന്ധിച്ചാണ് പൊലിസ് ഓഫിസിലെത്തിച്ചത്.
അതേസമയം മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത നടപടിയെ കുറ്റപ്പെടുത്തുന്നവരെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി. നടപടി തീര്‍ത്തും നീതിയുക്തമാണെന്നാണ് ഹോങ്കോങ്ങിലെ ചൈനീസ് അധികൃതര്‍ പ്രതികരിച്ചത്. രാജ്യദ്രോഹ കുറ്റത്തിനു പുറമെ, ചൈനീസ് ഗവണ്മെന്റിനു നേരെ അക്രമത്തിനു പ്രേരിപ്പിക്കല്‍, വിശ്വാസ്യത തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."