വാക്‌സിനും മാസ്‌ക്കുമാണ് വേണ്ടത്; രാത്രി കര്‍ഫ്യൂവിന് ഒമിക്രോണിനെ പ്രതിരോധിക്കാനാവില്ലെന്നും ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ
ന്യൂയോര്‍ക്ക്: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ രാത്രി കര്‍ഫ്യൂ കൊണ്ടാവില്ലെന്ന് ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍. ശാസ്ത്രീയമായ സമീപനങ്ങള്‍ രാജ്യങ്ങള്‍ സ്വീകരിക്കണം. രാത്രി കര്‍ഫ്യു എന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും അതിന്റെ ഫലപ്രാപ്തി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. സി.എന്‍.ബി.സിടി.വി 18ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പരാമര്‍ശം.
നമ്മള്‍ ഒരിക്കലും പരിഭ്രാന്തരാകരുത്. ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ വര്‍ധന പ്രതീക്ഷിക്കാം. ഇത് തുടക്കം മാത്രമാണ് പല നഗരങ്ങളിലും കൊവിഡിന്റെ വ്യാപനം ഇനിയും ഉണ്ടായേക്കാം. ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കൊവിഡ് ബാധിച്ച് മരിച്ചവര്‍ ഏത് വാക്‌സിനാണ് സ്വീകരിച്ചതെന്ന് പരിശോധിക്കണം. എത്രകാലം മുമ്പ് അവര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നതും നോക്കണം.ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് ഏത് വിഭാഗത്തിനാണെന്നും അതാത് രാജ്യങ്ങള്‍ തീരുമാനിക്കണം.രോഗം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗത്തിന് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്. എല്ലാ വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നത് സംബന്ധിച്ച് പഠനഫലങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ബൂസ്റ്റര്‍ ഡോസിന് വ്യത്യസ്ത വാക്‌സിന്‍ തെരഞ്ഞെടുക്കുന്നത് ഗുണം ചെയ്യുമെന്നും ഡോ.സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാക്‌സിനുകളുടെ ആന്റിബോഡിയുടെ ശേഷി ആറ് മാസം കഴിയുമ്പോള്‍ കുറയുമെന്നാണ് കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒമിക്രോണ്‍ തടയാനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രോഗബാധ തടയുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയേയും പരിഗണിക്കണം. കൊവിഡ് കേസുകള്‍ കൂടുമ്പോള്‍ ആദ്യം സ്‌കൂളുകള്‍ അടക്കുകയെന്ന സമീപനം ശരിയല്ല. നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ അവസാനം അടക്കേണ്ടത് സ്‌കൂളുകളാണ്. സ്‌കൂളുകള്‍ ആദ്യം അടച്ചാല്‍ അത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."