ഖാന്‍ യൂനിസില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി; നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍, കൊന്നൊടുക്കിയവരില്‍ ഗര്‍ഭിണികളും നവജാത ശിശുക്കളും
ഗസ്സ: ഇസ്‌റാഈല്‍ നരവേട്ടയുടെ ഞെട്ടിക്കുന്ന സാക്ഷ്യമായി വീണ്ടും കൂട്ടക്കുഴിമാടം. ഖാന്‍ യൂനിസിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഇവിടെ നിന്ന് 50 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫലസ്തീന്‍ എമര്‍ജന്‍സി സര്‍വീസ് ആണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.
'ശേഷിക്കുന്ന രക്തസാക്ഷികള്‍ക്കായി ഞങ്ങള്‍ ഇനിയും തെരച്ചില്‍ നടത്തും. ഇനിയുമേറെ പേരെ കണ്ടെത്താനുണ്ട്' സമഘാംഗം പറഞ്ഞു. ഖാന്‍ യൂനിസില്‍ നിന്നും ഇസ്‌റാഈല്‍ സൈന്യം പിന്മാറിയ ശേഷം നടത്തിയ തെരച്ചിലിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഏപ്രില്‍ ഏഴിനാണ് സൈന്യം പിന്മാറിയത്. നഗരത്തെ ഒന്നാകെ തകര്‍ത്ത ശേഷമായിരുന്നു സേനയുടെ പിന്മാറ്റം.
അതിനിടെ ഫലസ്തീനു മേല്‍ ഇസ്‌റാഈല്‍ നരവേട്ട തുടരുകയാണ്. റഫയില്‍ താമസ കെട്ടിടങ്ങള്‍ക്കു മേല്‍ നടത്തിയ ബോംബിങ്ങില്‍ ആറു കുരുന്നുകളടക്കം 17 പേര്‍ കൊല്ലപ്പെട്ടു. പിന്നിട്ട 24 മണിക്കൂറിനിടെ 37 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പില്‍ തുടരുന്ന ഇസ്റാഈല്‍ റെയ്ഡില്‍ മരണം 14 ആയി. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗര്‍ഭിണിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ ഖുദ്‌സ് നെറ്റ് വര്‍ക്ക് പുറത്തു വിട്ടു. നവജാത ശിശുക്കള്‍ ഉള്‍പെടെ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊന്നു തള്ളിയവരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
انتشلت طواقمنا في محافظة خانيونس اليوم 50 جثة شهيد من مختلف الفئات والأعمار، كانت قد جمعتهم قوات الاحتلال و دفنتهم بشكل جماعي داخل مجمع ناصر الطبي ، وما زالت طواقمنا مستمرة في عمليات البحث وانتشال باقي الشهداء خلال الأيام المقبلة حيث ما زال هناك عدد كبير منهم . pic.twitter.com/ksD6CfMEyr
— وكالة شهاب للأنباء (@ShehabAgency) April 20, 2024
അതിനിടെ, ഗസ്സയില്‍ പിന്നിട്ട ഏഴ് മാസക്കാലമായി കൊടുംക്രൂരതകള്‍ തുടരുന്ന ഇസ്റാഈലിന് സൈനിക സഹായം നല്‍കരുതെന്ന സമാധാനകാംക്ഷികളുടെ അഭ്യര്‍ഥന തള്ളി മുന്നോട്ടു നീങ്ങുകയാണ് യു.എസ്.
ഇസ്റാഈലിന് 2640 കോടി ഡോളറിന്റെ അടിയന്തര സൈനിക സഹായം അനുവദിക്കാനുള്ള ബൈഡന്‍ ഭരണകൂട നിര്‍ദേശത്തിന് അമേരിക്കന്‍ പ്രതിനിധി സഭ പച്ചക്കൊടി കാട്ടി. യുക്രയിന് 6080 കോടി ഡോളറും തായ്വാന്‍ ഉള്‍പ്പെടെ ഇന്തോ പസഫിക് മേഖലക്ക് 810 കോടി ഡോളറും സൈനിക സഹായമായി ലഭിക്കും. സെനറ്റിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ എത്രയും പെട്ടെന്ന് ഇസ്റാഈലിനും മറ്റും സൈനിക സഹായം കൈമാറുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷം വ്യാപിക്കാന്‍ ഇസ്റാഈലിനുള്ള യു.എസ് പിന്തുണ വഴിയൊരുക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ലോകസംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാനുള്ള നീക്കം കൂടിയാണിതെന്നും റഷ്യ ചൂണ്ടിക്കാട്ടി. 34,000 മനുഷ്യരെ കൊന്നൊടുക്കിയ ഇസ്റാഈലിന് കൂടുതല്‍ പേരെ വധിക്കാനുള്ള സഹായമാണിതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞു.
എന്നാല്‍, ബൈഡന്‍ ഭരണകൂട തീരുമാനത്തെ ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു അഭിനന്ദിച്ചു. ഡമോക്രാറ്റുകളും റിപബ്ലിക്കന്‍ വിഭാഗവും ഇസ്റാഈലിനൊപ്പം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും നെതന്യാഹു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."