പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച് ഫെയ്‌സ്‌ബുക്ക് പോസ്റ്റ്: ഒരാൾ അറസ്റ്റിൽ
ഹൈദരാബാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിൽ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് ഒരാൾക്കെതിരെ കേസെടുത്തു. ജവഹർനഗർ സ്വദേശിയായ ശ്രാവൺ കുമാറിനെതിരെയാണ് പൊലിസ് കേസെടുത്തത്. പ്രദേശത്തെ യുവാക്കളുടെ പരാതിയിലാണ് ജവഹർനഗർ പൊലിസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള പോസ്റ്റ് യുവാക്കളുടെ ശ്രദ്ധയിൽ പെടുന്നത്. ഇതിനെ തുടർന്ന് പ്രാദേശിക മുസ്‌ലിം യുവാക്കൾ പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് രജിസ്റ്റർ കേസ് ചെയ്ത് പ്രതിയെ പിടികൂടിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 295 എ, 504 എന്നിവ പ്രകാരം പ്രകാരമാണ് ശ്രാവണിനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, ശ്രാവണിനെതിരെ കർശന നടപടി വേണമെന്ന് മജിലിസ് ബച്ചാവോ തെഹ്‌രീഖ് (എംബിടി) വക്താവ് അംജദുള്ള ഖാൻ ആവശ്യപ്പെട്ടു. മുഹമ്മദ് നബിയെക്കുറിച്ചുള്ള പോസ്റ്റ് ഉപയോഗിച്ച് സംസ്ഥാനത്ത് വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത മാസം തെലങ്കാനയിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ കേസ് എന്നത് ശ്രദ്ധേയമാണ്. പ്രവാചക നിന്ദയുടെ പിന്നിൽ മറ്റുഗൂഢാലോചനകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.
ഇതിന് മുമ്പ്, 2022 ൽ കലാപം ലക്ഷ്യം വെച്ച് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബിജെപി എം.എൽ.എ രാജസിങ് അറസ്റ്റിലായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശങ്ങളുള്ള അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഹാസ്യനടൻ മുനവർ ഫാറൂഖിയെ ഹൈദരാബാദിൽ അവതരിപ്പിക്കാൻ അന്നത്തെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) സർക്കാർ അനുമതി നൽകിയതിനുള്ള മറുപടിയായാണ് രാജസിങ് പ്രവാചകനെ കുറിച്ച് പോസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജാസിങ്ങിനെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തിരുന്നത്. എന്നാൽ വൈകാതെ സസ്‌പെൻഷൻ ബി.ജെ.പി പിൻവലിച്ചു. മാത്രമല്ല, കഴിഞ്ഞ വർഷം നവംബർ 30ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കാൻ സീറ്റും നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."