ഐ.സി.യു പീഡനക്കേസിലെ അതിജീവിതയുടെ പരാതി ഉത്തരമേഖല ഐ.ജി അന്വേഷിക്കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ.സി.യു പീഡനക്കേസിലെ അതിജീവിതയുടെ പരാതി ഉത്തരമേഖല ഐ.ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച ഉത്തരവിറക്കി. അതിജീവിതയ്ക്ക് റിപോര്‍ട്ട് നല്‍കാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും. ഐ.സി.യു പീഡനക്കേസ് പുറത്ത് പറഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍ കെ.വി പ്രീതി എന്ന ഗൈനക്കോളജിസ്റ്റിനെ അതിജീവിതയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആശുപത്രി അധികൃതര്‍ നിയോഗിച്ചിരുന്നു.
എന്നാല്‍ ഡോക്ടര്‍ തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല എന്നായിരുന്നു അതിജീവിതയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത പ്രീതിക്കെതിരേ സിറ്റി പൊലിസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. അതില്‍ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപോര്‍ട്ടിനുവേണ്ടി പൊലിസിനെയും സര്‍ക്കാരിനെയും പലതവണ സമീപിച്ചെങ്കിലും കിട്ടിയില്ല.
ഇതോടെ സിറ്റി പൊലിസ് കമ്മീഷണറുടെ ഓഫിസിനു മുന്നില്‍ അതിജീവിത പരസ്യമായി സമരം ആരംഭിച്ചു. ഇതോടെ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടു. അതിജീവിതയുടെ മുഴുവന്‍ പരാതികളും അന്വേഷിച്ച് 15 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാനാണ് ഉത്തരമേഖല ഐ.ജിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."