ബിജെപി എതിരില്ലാതെ ജയിച്ച സൂറത്തിലെ പത്രിക തള്ളിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കാണാനില്ല
സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ പത്രിക സമര്‍പ്പിക്കുകയും പിന്നീട് തള്ളിപ്പോവുകയും ചെയ്ത നീലേഷ് കുംഭാണിയുടെ വസതിക്കുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പത്രിക തള്ളിപ്പോവുകയും ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ കുംഭാണിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഫോണിലും ഇദ്ദേഹത്തെ ലഭിക്കുന്നില്ല. ഇതോടെ നീലേഷ് കുംഭാണി ബിജെപിയില്‍ ചേർന്നിട്ടുണ്ടെന്ന അഭ്യൂഹങ്ങളും പരന്നു.
പത്രിക തള്ളിയതിന് പിന്നാലെ കുംഭാണിക്കെതിരെ കോണ്‍ഗ്രസില്‍നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ജനങ്ങളെ വഞ്ചിച്ചവനെന്നും ജനാധിപത്യത്തിന്റെ കൊലയാളിയുമെന്നടക്കം വിശേഷിപ്പിച്ചാണ് കുംഭാണിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുംഭാണിയുടെ വീട്ടിനുമുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാമനിര്‍ദേശംചെയ്ത മൂന്ന് വോട്ടര്‍മാരും ഒപ്പുകള്‍ തങ്ങളുടേതല്ലെന്ന് വരണാധികാരിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്. പകരം സ്ഥാനാര്‍ഥിയായ സുരേഷ് പഡസലയുടെ പത്രികയും ഇതേ രീതിയില്‍ തള്ളിപ്പോയി. കുംഭാണിയുടെ സഹോദരീ ഭര്‍ത്താവും അനന്തരവനും കച്ചവടപങ്കാളിയുമാണ് ഒപ്പ് തങ്ങളുടേതല്ലെന്ന് പറഞ്ഞ് പിന്തുണ പിന്‍വലിച്ചത്.
പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായ തിങ്കളാഴ്ച ബിജെപി സ്ഥാനാര്‍ഥിക്കു പുറമേ എട്ടുപേര്‍കൂടി മത്സര രംഗത്തുണ്ടായിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥിയായ പ്യാരേലാല്‍ ഭാരതിയായിരുന്നു പ്രമുഖന്‍. മൂന്ന് ചെറുപാര്‍ട്ടികളുടെ പ്രതിനിധികളും നാല് സ്വതന്ത്രരുമായിരുന്നു മറ്റുള്ളവര്‍. ഇവരെ പിന്‍വലിപ്പിക്കാന്‍ ബിജെപി തിരക്കിട്ട നീക്കം നടത്തി. ഏഴുപേരും രാവിലെ തന്നെ പത്രിക പിന്‍വലിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ബിഎസ്പി സ്ഥാനാര്‍ഥിയും പിന്‍വാങ്ങി. മുകേഷ് ദലാല്‍ വിജയിച്ചതായി വരണാധികാരി രേഖയും നല്‍കി. എന്നാൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയതിലടക്കം സ്ഥാനാർഥിയുടെ ഇടപെടലുണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."