കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധനാജ്ഞ
തിരുവനന്തപുരം: രാജ്യത്തിന്റെ തലവര മാറ്റാനുള്ള തെരഞ്ഞെടുപ്പിൽ കേരളം തങ്ങളുടെ ജനാധിപത്യാവകാശം നാളെ വിനിയോഗിക്കും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലശമായി. ഇന്ന് സ്ഥാനാർഥികളും പാർട്ടികളും നിശബ്ദ പ്രചാരണവുമായി തെരഞ്ഞെടുപ്പിലേക്കുള്ള അവസാന ഒരുക്കത്തിലാണ്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള ഓട്ടപാച്ചിലിലാണ് സ്ഥാനാർഥികൾ.
സംസ്ഥാനത്ത് ആകെ 20 മണ്ഡലങ്ങളാണ് ഉള്ളത്. പ്രധാനമായും യുഡിഎഫ് - എൽഡിഎഫ് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഏതാനും മണ്ഡലങ്ങളിൽ ബിജെപിയും കൂടി ചേർന്ന് ത്രികോണ പോരാട്ടമുണ്ടെങ്കിലും സംസ്ഥാനത്ത് പൊതുവിൽ ബിജെപി അപ്രസക്തമാണ്. 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് 2.77 കോടി വോട്ടർമാരാണുള്ളത്.
25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.
രണ്ടാംഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. കേരളത്തിലെ 20 മണ്ഡലങ്ങൾക്കൊപ്പം കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. യുപി, മഹാരാഷ്ട്ര, ജമ്മു & കശ്മീര്‍, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്, തൃപുര എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും 26 ന് വെള്ളിയാഴ്ച വിധി എഴുതും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."