തെരഞ്ഞെടുപ്പില്‍ സമ്മതിദാനം ഉപയോഗിക്കാനാവാതെ പ്രവാസീ ലക്ഷങ്ങള്‍
ദുബൈ: കേരളത്തില്‍ വെള്ളിയാഴ്ച ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സമ്മതിദാനാവകാശം ഉപയോഗിക്കാനാവാതെ ഗള്‍ഫിലടക്കം ലക്ഷക്കണക്കിനാളുകള്‍. പോസ്റ്റല്‍ വോട്ട്, ഓണ്‍ലൈന്‍ വോട്ട്, പ്രോക്‌സി വോട്ട് എന്നിങ്ങനെ പല രീതികളിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നേരത്തെ തന്നെ ചര്‍ച്ചകളിലുയര്‍ന്നു വന്നിരുന്നുവെങ്കിലും, ഒന്നും തന്നെ നടപ്പായില്ലെന്നതാണ് യാഥാര്‍ഥ്യം. റിമോട്ട് വോട്ടിംഗിനുള്ള ചില നീക്കങ്ങള്‍ അവസാന നിമിഷത്തില്‍ നടന്നിരുന്നുവെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല. പ്രവാസി സംഘടനകള്‍ അവര്‍ താമസിക്കുന്നയിടങ്ങളില്‍ വോട്ടവകാശത്തിനായി നടത്തിയ മുറവിളികളും നീക്കങ്ങളും എങ്ങുമെത്തിയില്ല. വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കാന്‍ അഭ്യര്‍ഥിച്ച് യുഎഇയിലെ പ്രമുഖ വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുപ്രീം കോടതിയില്‍ കേസ് നടത്തിയിരുന്നു. ചുരുക്കത്തില്‍, പല നിലകളിലുള്ള നീക്കങ്ങളും പ്രക്ഷോഭങ്ങളും നിയമ വ്യവഹാരങ്ങളും നടന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവ സമീപനമാണ് സ്വീകരിച്ചത്. ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ എണ്ണത്തില്‍ കൂടുതലായതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാകുമെന്നും, സുഗമമായി നടത്താനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഗള്‍ഫിലെ ഇന്ത്യക്കാരില്‍ കൂടുതലുള്ള മലയാളികള്‍ കേന്ദ്ര സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യുന്നവരല്ല എന്നതാണ് ഗള്‍ഫില്‍ വോട്ടിംഗ് കേന്ദ്രങ്ങളും, സംവിധാനങ്ങളും അനുവദിക്കാതിരിക്കാനുള്ള കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇനിയിപ്പോള്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രവാസികള്‍ക്ക് നാട്ടിലെത്തണമെന്നതാണ് സ്ഥിതി.
അതിനിടെ, വോട്ട് രേഖപ്പെടുത്താന്‍ കേരളത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ എത്തിയത് 10,000ത്തിലധികം പ്രവാസി വോട്ടര്‍മാരെന്ന് വിവരം. യുഎഇയില്‍ നിന്നടക്കം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് ഇങ്ങനെ എത്തിയവരിലധികവും. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സാധാരണ ചെയ്യാറുള്ളത് പോലെ കെഎംസിസി നിരവധി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇക്കുറിയും ഏര്‍പ്പെടുത്തിയിരുന്നു. അവശേഷിക്കുന്ന വോട്ടര്‍മാര്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി നാട്ടിലെത്തും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 13.4 മില്യണ്‍ ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലുണ്ടെങ്കിലും, ഇവരില്‍ 118,439 പേരാണ് (1 ശതമാനത്തിലും കുറവ്) ഈ വര്‍ഷം വോട്ട് രേഖപ്പെടുത്താന്‍ രജിസ്റ്റര്‍ ചെയ്തവര്‍. 2019ലെ ലോകസഭാ ഇലക്ഷനില്‍ 99,844 പ്രവാസി വോട്ടര്‍മാരില്‍ 25,606 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഇതില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."