വിദ്വേഷപ്രസംഗം: നടത്തിയത് മോദി, നോട്ടീസ് ബി.ജെ.പിക്ക്; മുമ്പ് അയച്ചതെല്ലാം നേതാക്കള്‍ക്ക്, നോട്ടീസില്‍ വിദ്വേഷമോ വകുപ്പോ പരാമര്‍ശിച്ചില്ല
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുസ്ലിംകള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്‍മേല്‍ വിശദീകരണം തേടി നോട്ടീസയച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിലെ സുതാര്യതയില്ലായ്മ ചര്‍ച്ചയാകുന്നു. മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതല്‍ പ്രസവിക്കുന്നവരെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശം നടത്തിയ മോദിയുടെ പ്രസംഗത്തിനെതിരേ രാജ്യാന്തരതലത്തില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്നതോടെയാണ് കമ്മിഷന്‍ വിശദീകരണം തേടിയത്. മോദിയാണ് പ്രസംഗിച്ചതെങ്കിലും ബി.ജെ.പിയോടാണ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയിലും കമ്മിഷന്‍ വിഷദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചിട്ടുണ്ട്. രണ്ടിലും തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ അയച്ച നോട്ടീസിലുള്ളത്. മോദിയുടെ പ്രസംഗത്തിന്‍മേലുള്ള നോട്ടീസ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കുമാണ് നോട്ടീസയച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 77ാം വകുപ്പ് പ്രകാരമാണ് നടപടിയെന്ന് കമ്മിഷന്‍ ഇറക്കിയ രണ്ട് പേജ് വരുന്ന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കുറ്റംചെയ്‌തെന്ന പരാതി ഉയര്‍ന്ന മോദിയില്‍നിന്ന് വിശദീകരണം തേടാതെ പാര്‍ട്ടിക്ക് നോട്ടീസയച്ച നടപടി വിവാദമായിട്ടുണ്ട്. വിദ്വേഷപ്രചാരണത്തിന്റെ പ്രധാന ഉത്തരവാദി അവരുടെ പാര്‍ട്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോദിക്ക് നോട്ടീസ് അയക്കാതെ ബി.ജെ.പിക്ക് അയച്ചതെന്നാണ് കമ്മിഷന്റെ വിശദീകരണമെങ്കിലും ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചൂടേറിയ ചര്‍ച്ചകള്‍ നടന്നു.
കഴിഞ്ഞ നവംബറില്‍ രാഹുല്‍ ഗാന്ധി നടത്തിയ മോദി വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ബിജെ.പി നല്‍കിയ പരാതിയില്‍ ഇടപെട്ട കമ്മിഷന്‍, അന്ന് രാഹുലിനോട് തന്നെയാണ് വിശദീകരണം ചോദിച്ചത്. എന്നാല്‍, മോദി പ്രതിസ്ഥാനത്തായ വിദ്വേഷ കേസില്‍ മാത്രം പാര്‍ട്ടിയോട് വിശദീകരണം തേടിയതാണ് ആക്ഷേത്തിനിടയാക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, സുപ്രിയ ശ്രിനറ്റെ, ബി.ജെ.പി നേതാവും നടിയുമായ കങ്കണ റണൗട്ട്, പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി ദിലീപ് ഘോഷ്, എ.എ.പി നേതാവ് അതിഷി മെര്‍ലീന, തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബി.ആര്‍.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു എന്നിവര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ മാസം ഇതുവരെ നടപടി സ്വീകരിച്ചത്. എന്നാല്‍, ഈ കേസുകളിലെല്ലാം കമ്മിഷന്‍ ഇവര്‍ക്ക് നേരിട്ട് നോട്ടീസയച്ചാണ് വിശദീകരണം തേടിയത്.
പരാതിയില്‍ വിദ്വേഷപ്രസംഗമോ അതുസംബന്ധിച്ച വകുപ്പോ നടപടികളോ കമ്മിഷന്‍ സൂചിപ്പിച്ചതുമില്ല. സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകനായ അഭിഷേക് മനു സിങ്വിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ അഞ്ച് വ്യവസ്ഥാലംഘനങ്ങളും അക്കമിട്ടുനിരത്തിയാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍, കമ്മിഷന്റെ നോട്ടീസില്‍ വകുപ്പുകളും വ്യവസ്ഥകളുമൊന്നും ഉപയോഗിച്ചിട്ടില്ല.
ഈ മാസം 21ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോദി വിവാദപരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്തെല്ലാം മുസ്ലിംകള്‍ക്ക് നല്‍കുമെന്നായിരുന്നു മോദി പ്രസംഗിച്ചത്. നിങ്ങളുടെ അമ്മമാരുടേയും സഹോദരിമാരുടേയും താലിമാലപോലും അവര്‍ സ്വന്തമാക്കുമെന്നും മോദി പ്രസംഗിച്ചിരുന്നു. പ്രസംഗം വന്‍വിവാദമാവുകയും പ്രതിപക്ഷകക്ഷികള്‍ രംഗത്തുവരികയും ചെയ്‌തെങ്കിലും സമാന ആരോപണങ്ങള്‍ ആവര്‍ത്തിച്ച മോദി, കൂടുതല്‍ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. വിഷയത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നല്‍കിയ പരാതിയാണ് പ്രധാനമായും കമ്മിഷന്‍ പരിഗണിച്ചത്.
കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള റാലിയില്‍ സംസാരിക്കവെ, രാജ്യത്ത് ഒരു ഭാഷമാത്രം അടിച്ചേല്‍പ്പിക്കാന്‍ മോദി ആഗ്രഹിക്കുന്നുവെന്നുള്ള പ്രസംഗത്തിന്റെ പേരിലാണ് രാഹുലിനെതിരേ ബി.ജെ.പി പരാതി നല്‍കിയത്. പ്രസംഗത്തിലൂടെ രാജ്യത്തെ 'തെക്കുവടക്ക്' വിഭജനം നടത്താന്‍ രാഹുല്‍ ശ്രമിച്ചെന്നായിരുന്നു ബി.ജെ.പിയുടെ പരാതി.
EC's 'bizarre equivalence' in notices over Narendra Modi, Rahul Gandhi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."