അവതാരകയെ അപമാനിച്ച കേസ്: പ്രതിയെ സംരക്ഷിക്കാനുള്ള ഉന്നതനീക്കം വിവാദത്തില്‍
കൊല്ലം: പൊലിസ് സൈബര്‍ സുരക്ഷാസെമിനാറില്‍ അവതാരകയോടു അപമര്യാദയായി പെരുമാറിയ കേസില്‍ പൊലിസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തിട്ടും നടപടിയില്ലാത്തത് വിവാദമാകുന്നു. സംസ്ഥാന പൊലിസിലെ ഉന്നതരുടെ നേതൃത്വത്തില്‍ കൊല്ലത്ത് നടന്ന സൈബര്‍ സമ്മേളനത്തില്‍ (കൊക്കൂണ്‍) അവതാരകയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ മുന്‍ ഹൈടെക്‌സെല്‍ മേധാവി വിനയകുമാരന്‍ നായരെ അനധികൃതമായി ഉന്നതര്‍ സംരക്ഷിക്കുന്നതായാണ് ആരോപണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.
എന്നാല്‍ വിവാദസംഭവത്തേക്കുറിച്ച് അന്വേഷിച്ച കൊല്ലം റൂറല്‍ എസ്.പി അജിതാബീഗം പെണ്‍കുട്ടിയുടേയടക്കം മൊഴി രേഖപ്പെടുത്തി ഡി.ജി.പിക്ക് കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ വിനയകുമാരന്‍ നായരുടെ ഭാഗത്തുനിന്ന് അപമര്യാദയായ പെരുമാറ്റം ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് വിനയകുമാരന്‍ നായരെ പ്രതിയാക്കി കൊല്ലം അഞ്ചാലുംമൂട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യേണ്ട വിനയകുമാരന്‍ നായരേയാണ് ഉന്നതര്‍ സംരക്ഷിക്കുന്നത്.
സാധാരണ ഗതിയില്‍ എസ്.പി അജിത ബീഗം നല്‍കിയ റിപ്പോര്‍ട്ട് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയാല്‍ ഉടന്‍ തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കേണ്ടതാണ്. സി.ഐക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കൊക്കൂണ്‍ സമ്മേളന വേദിയില്‍നിന്ന് വിനയകുമാരന്‍ നായരെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇറക്കിവിടുകയും റേഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈടെക്‌സെല്ലില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
പൊലിസില്‍ അസി.കമാന്‍ഡന്റിന്റെ തസ്തികയിലുള്ള ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ നടപടി നീളുന്നതിന് പിന്നില്‍ 'ചില ഇടപെടലുകള്‍' നടക്കുന്നുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. പത്തുവര്‍ഷത്തോളം ഹൈടെക്‌സെല്‍ മേധാവിയായി വിനയകുമാരന്‍ നായര്‍ ഇരുന്നതും ഉന്നതസ്വാധീനം മൂലമായിരുന്നുവെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."