സുപ്രഭാതം തെരഞ്ഞെടുപ്പ് പരസ്യം: പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പയും മാര്‍ക്കറ്റിങ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ രാജീവും അറിയിച്ചു. ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.
ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച് വരുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ മുസ്‌ലിം ലീഗിന്റെ പരസ്യം ബോധപൂര്‍വം തിരസ്‌ക്കരിച്ചതാണെന്ന രീതിയില്‍ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പ്രചാരണം വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സമയത്ത് തന്നെ എല്ലാ ജനാധിപത്യ പാര്‍ട്ടികളേയും പരസ്യത്തിന് വേണ്ടി മാര്‍ക്കറ്റിങ് വിഭാഗം സമീപിച്ചിരുന്നതാണ്. തുടര്‍ന്ന് നിരന്തരം ബന്ധപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് ഉള്‍പെടെ യുഡിഎഫിന് മുന്‍ഗണന നല്‍കാനും പരസ്യ തുകയില്‍ പരമാവധി ഇളവ് നല്‍കാനും മാനേജിങ് കമ്മിറ്റി തീരുമാനിക്കുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗ് പരസ്യം നല്‍കാമെന്ന് വാഗ്ദത്തം ചെയ്‌തെങ്കിലും അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. വസ്തുത ഇതാണെന്നിരിക്കെ സുപ്രഭാതം മുസ്‌ലിം ലീഗിന്റെ പരസ്യം തിരസ്‌ക്കരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് സുപ്രഭാതം വായനക്കാരേയും പ്രസ്ഥാന ബന്ധുക്കളേയും അറിയിക്കുന്നു.
തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റേയും എല്‍.ഡി.എഫിന്റേയും പരസ്യം നല്‍കാവുന്നതാണ് എന്നതാണ് പത്രത്തിന്റെ നയം. 2014 മുതല്‍ തന്നെ പരസ്യങ്ങള്‍ നല്‍കിയതുമാണ്. അതിനാല്‍ പത്രത്തിനെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ ദുരുദ്ദേശ്യപരമാണ്. അതില്‍ വഞ്ചിതരാവരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."