കേരളത്തില്‍ വോട്ടെടുപ്പ് നടന്നത് സമാധാനപൂര്‍വ്വം; മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ്സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി.സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവങ്ങളുണ്ടായില്ല. ചിലയിടങ്ങളില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്.
കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കായി. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
66,303 പൊലീസ് ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ക്ക് സുരക്ഷയേകി. എട്ട് ജില്ലകളില്‍ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ബൂത്തുകളില്‍ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടുയന്ത്രങ്ങള്‍ 20 കേന്ദ്രങ്ങളിലുള്ള സ്ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."