അടി,തിരിച്ചടി,അടിയോയടി; ചരിത്ര വിജയം കുറിച്ച് പഞ്ചാബ്
കൊൽക്കത്ത:അടി,തിരിച്ചടി,അടിയോയടി ഐപിഎൽ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡ് ചേസ് വിജയവുമായി പഞ്ചാബ് കിംഗ്‌സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പടുത്തുയർത്തിയ 261 റൺസ് പഞ്ചാബ് മറിടന്നത്. ജോണി ബെയർസ്‌റ്റോയുടെ (48 പന്തിൽ പുറത്താവാതെ 108) സെഞ്ചുറിയാണ് പഞ്ചാബിനെ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാൻ സഹായിച്ചത്. ശശാങ്ക് സിംഗിന്റെ (28 പന്തിൽ 68) ഫിനിഷിംഗും പ്രഭ്‌സിമ്രാൻ സിംഗ് (20 പന്തിൽ 54) നൽകിയ തുടക്കവും വിജയം എളുപ്പമാക്കി. നേരത്തെ, ഫിൽ സാൾട്ട് (37 പന്തിൽ 75), സുനിൽ നരെയ്ൻ (32 പന്തിൽ 71) എന്നിവരുടെ ഇന്നിംഗ്‌സാണ് കൊൽക്കത്തയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ഐപിഎല്ലിൽ സ്‌കോർ പിന്തുടർന്ന് ജയിക്കുന്നതിൽ രാജസ്ഥാൻ റോയൽസിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. രണ്ട് തവണ അവർ 223 റൺസ് പിന്തുടർന്ന് ജയിച്ചു. രണ്ടാമത്തേത് കൊൽക്കത്തയ്‌ക്കെതിരെ ഇതേ സീസണിൽ തന്നെയായിരുന്നു. ആദ്യത്തേത് പഞ്ചാബിനെതിരെ 2020ലും.
കൂറ്റൻ സ്‌കോറിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് ഗംഭീര തുടക്കാണ് ലബിച്ചത്. പവർപ്ലേയിൽ പ്രഭ്‌സിമ്രാൻ - ബെയർസ്റ്റോ സഖ്യം 93 റൺസ് ചേർത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് പ്രഭ്‌സിമ്രാൻ പുറത്താവുന്നത്. നരെയ്‌ന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാവുകയായിരുന്നു താരം. അഞ്ച് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു പ്രഭ്‌സിമ്രാന്റെ ഇന്നിംഗ്‌സ്. മൂന്നാമതെത്തിയ റിലീ റൂസ്സോ (16 പന്തിൽ 26) ബെയർസ്റ്റോയ്‌ക്കൊപ്പം നിർണായക കൂട്ടുകെട്ടുണ്ടാക്കി. 85 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. 13-ാം ഓവറിൽ റൂസ്സോയെ, നരെയ്ൻ മടക്കി.
പിന്നീടായിരുന്ന ശശാങ്കിന്റെ വരവ്. തൊട്ടതെല്ലാം അതിർത്തി കടത്തിയ താരം വിജയം വേഗത്തിലാക്കി. 28 പന്തുകൾ മാത്രം നേരിട്ട താരം എട്ട് സിക്‌സും രണ്ട് ഫോറും നേടി. ബെയർസ്റ്റോയുടെ ഇന്നിംഗ്‌സിൽ ഒമ്പത് സിക്‌സും എട്ട് ഫോറമുണ്ടായിരുന്നു. ഇരുവരും ചേർന്നുള്ള സഖ്യം 84 റൺസാണ് കൂട്ടിചേർത്തത്. 37 പന്തിലായിരുന്നു ഇത്രയും റൺസ്.
തകർപ്പൻ തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ നരെയ്ൻ - സാൾട്ട് സഖ്യം 138 റൺസ് കൂട്ടിചേർന്നു. പവർ പ്ലേയിൽ മാത്രം 76 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നരെയ്‌നെ രാഹുൽ ചാഹർ പുറത്താക്കി. നാല് സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിംഗ്‌സ്. തുടർന്ന് ക്രീസിലെത്തിയത് വെങ്കടേഷ് അയ്യർ.
ഒരറ്റത്ത് നിന്ന് വെങ്കടേഷും ആക്രമണം നടത്തുന്നതിനിടെ സാൾട്ടിനെ സാം കറൻ ബൗൾഡാക്കി. 37 പന്തിൽ ആറ് വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിംഗ്‌സ്. ആന്ദ്രേ റസ്സൽ (12 പന്തിൽ 24), ശ്രേയസ് അയ്യർ (10 പന്തിൽ 28), വെങ്കടേഷ് (23 പന്തിൽ 39) എന്നിവർ സ്‌കോറിംഗിന് വേഗം കൂട്ടി. റിങ്കു സിംഗാണ് (5) പുറത്തായ മറ്റൊരു താരം. രമൺദീപ് സിംഗ് (6) പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."