ഇന്റഗ്രേറ്റഡ് ബി.എഡ് പ്രവേശന പരീക്ഷ: അപേക്ഷ 30 വരെ
നാലുവര്‍ഷ സംയോജിത ബി.എഡ് പ്രോഗ്രാം (ഇന്റഗ്രേറ്റഡ് ടീച്ചേഴ്സ് എജുക്കേഷന്‍ പ്രോഗ്രാം - ITEP) പ്രവേശനത്തിനുള്ള ദേശീയ എന്‍ട്രന്‍സ് പരീക്ഷയായ എന്‍.സി.ഇ.ടി (നാഷനല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് - NCET 2024) യുടെ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 12 നാണ് പരീക്ഷ.നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയ്ക്ക് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളില്‍ പ്രത്യേകം വ്യവസ്ഥകളുണ്ടെങ്കില്‍ അവ പാലിക്കണം.
ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഡിഗ്രിയും ബി.എഡും നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. 2030 മുതല്‍ അധ്യാപക ജോലിക്ക് ഈ യോഗ്യത നിര്‍ബന്ധമാകാന്‍ സാധ്യതയുണ്ട്. ബി.എ, ബി.എസ് സി, ബി.കോം ബിരുദങ്ങളിലൊന്നും ബി.എഡും സംയോജിപ്പിച്ചുള്ള പ്രോഗ്രാമുകള്‍ വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അധ്യാപക ജോലിയില്‍ പ്രവേശിക്കാം. കൂടാതെ എം.എഡിനോ ബിരുദതലത്തിലെ മേജര്‍ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ എം.എ,എം.എസ്.സി, എം.കോം പ്രോഗ്രാമുകള്‍ക്കോ ചേര്‍ന്ന് ഉപരിപഠനവും നടത്താവുന്നതാണ് .
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. മൾട്ടിപ്പിൾ ചോയ്‌സ് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം. ഇംഗ്ലിഷ്, മലയാളമടക്കം 13 ഭാഷകളിൽ പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 4 സെക്ഷനുകളുണ്ട്.
സെക്ഷൻ 1:
രണ്ട് ഭാഷകൾ (38 ഭാഷകളിൽ നിന്ന്) തിരഞ്ഞെടുക്കണം. ഓരോന്നിലും 23 ചോദ്യങ്ങളിൽ 20 എണ്ണത്തിന് ഉത്തരമെഴുതണം (ആകെ 40 ചോദ്യങ്ങൾ ).
സെക്ഷൻ 2:
ചേരാനാഗ്രഹിക്കുന്ന പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും മൂന്ന് ഡൊമൈൻ വിഷയങ്ങൾ ( 26 വിഷയങ്ങളിൽ നിന്ന്) തിരഞ്ഞെടുക്കണം. ഓരോ വിഷയത്തിലും 28 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ഉത്തരമെഴുതണം. (ആകെ 75 ചോദ്യങ്ങൾ ).
സെക്ഷൻ 3:
ജനറൽ ടെസ്റ്റ് , 28 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ഉത്തരമെഴുതണം.
സെക്ഷൻ 4:
ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, 23 ചോദ്യങ്ങളിൽ 20 എണ്ണത്തിന് ഉത്തരമെഴുതണം.
ആകെ 160 ചോദ്യങ്ങൾക്ക് 180 മിനിറ്റാണ് സമയം. വിശദമായ സിലബസ് വെബ്‌സൈറ്റിലുണ്ട്.
അപേക്ഷ
ncet.samarth.ac.in വഴി ഏപ്രിൽ 30 രാത്രി 11:30 നകം അപേക്ഷിക്കണം. രാത്രി 11.50 വരെ ഫീസടക്കാം. മെയ് 2 മുതൽ 4 വരെ അപേക്ഷയിലെ പിശകുകൾ തിരുത്താം. 1200 രൂപയാണ് അപേക്ഷാഫീസ്. പിന്നോക്ക/ സാമ്പത്തിക പിന്നോക്ക വിദ്യാർഥികൾക്ക് 1000 രൂപയും പട്ടിക/ ഭിന്നശേഷി/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് 650 രൂപയും മതി. അപേക്ഷിക്കാൻ പ്രായപരിധിയില്ല. 178 പരീക്ഷാകേന്ദ്രങ്ങളിൽ രണ്ടെണ്ണം തിരഞ്ഞെടുക്കണം. കേരളത്തിൽ തിരുവനന്തപുരം കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷയെഴുതാം.
സ്ഥാപനങ്ങൾ
ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, കേന്ദ്ര / സംസ്ഥാന സർവകലാശാലകൾ, റീജിനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (RIE), ഗവൺമെന്റ് കോളജുകൾ എന്നിവയടക്കം 64 സ്ഥാപനങ്ങളിൽ 6100 സീറ്റുകളുണ്ട്. എൻ.ഐ.ടി കോഴിക്കോട് ( ബി.എസ്.സി - ബി.എഡ് - 50 സീറ്റ് ),കേന്ദ്ര സർവകലാശാല കാസർകോട് ( ബി.എസ്.സി - ബി.എഡ് , ബി.എ- ബി.എഡ് , ബി.കോം - ബി.എഡ് - 50 സീറ്റുകൾ വീതം ), സെൻട്രൽ സാൻസ്‌ക്രിറ്റ് യൂനിവേഴ്‌സിറ്റി ഗുരുവായൂർ കാംപസ് (ബി.എ- ബി.എഡ് - 100 സീറ്റ് ) എന്നിവയാണ് കേരളത്തിലെ സ്ഥാപനങ്ങൾ. പ്രവേശന പരീക്ഷ എഴുതുന്നതോടൊപ്പം ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേകം അപേക്ഷ നൽകി പ്രവേശന പ്രക്രിയയിൽ പങ്കെടുക്കേണ്ടതുണ്ട്.
വിശദവിവരങ്ങൾക്ക് ncet.samarth.ac.in സന്ദർശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."