എം. സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: തൃപ്പൂണിത്തുറ എം.എല്‍.എയും സി.പി.എം നേതാവുമായ എം. സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. ചരിത്രമറിയാത്ത കമ്യൂണിസ്റ്റ് ഗര്‍ഭത്തിനു ബുദ്ധി മുളച്ചില്ലെങ്കില്‍ തലയില്‍ തക്കാളികൃഷി നടത്തുന്നതാണു നല്ലതെന്നു ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരിഹസിക്കുന്നു. ഒരു സി.പി.ഐക്കാരനെ കാണാന്‍ മലപ്പുറത്തു നിന്നും തൃശൂര്‍ വരെ യാത്ര ചെയ്യേണ്ടിവന്നുവെന്ന സ്വരാജിന്റെ പ്രസ്താവനയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം കുറിച്ചത്.
ഒരു വാര്‍ഡില്‍പോലും ഒറ്റയ്ക്കു ജയിക്കാനുള്ള അംഗബലമില്ലെന്നും കാര്യപ്രാപ്തിയുള്ള നേതാക്കളില്ലെന്നും സി.പി.ഐയുടെ ഹുങ്ക് മലയാളിക്ക് സഹിക്കാന്‍ പറ്റുമോയെന്നും മറ്റുമായിരുന്നു എം. സ്വരാജിന്റെ പ്രസ്താവന. സി.പി.എം വിട്ടു പുറത്തുവരുന്നവര്‍ക്ക് ഇനിയും സി.പി.ഐയില്‍ അംഗത്വം നല്‍കുമെന്ന സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ പരാമര്‍ശത്തെ പരിഹസിച്ച സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ നിയമസഭാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. കമ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാ ഗ്വാ വിളിക്കുന്നതു കുങ്കുമത്തിന്റെ ഗന്ധമറിയാതെ കഴുത കുങ്കുമം ചുമക്കുന്നതിനു സമാനമാണെന്നാണു ലേഖനം പറയുന്നത്്.
സി.പി.ഐയുടെ ചെങ്കൊടിയെ പീറത്തുണിയെന്നു വിളിച്ച ഇദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം ഇതിഹാസ തുല്യമാണെന്നും മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരെന്നു വിളിച്ച ആളാണ് ഇദ്ദേഹമെന്നും സ്വരാജിന്റെ പേരെടുത്തു പറയാതെ ലേഖനം വിമര്‍ശിക്കുന്നു. ഒരു ജനപ്രതിനിധിക്കു ചേരുന്ന രീതിയിലല്ല സ്വരാജിന്റെ പെരുമാറ്റമെന്നും നേരത്തെ സിപിഐ നേതാക്കള്‍ ആരോപിച്ചിരുന്നു.
തിരുവനന്തപുരത്തു നടന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളത്തില്‍ വി.എസിനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് ശിക്ഷ നല്‍കണമെന്ന സ്വരാജിന്റെ പരാമര്‍ശത്തെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വി.എസിന്റെ തല വെട്ടി ഉത്തര കൊറിയന്‍ മോഡല്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സി.പി.ഐയുടെ ചെങ്കൊടിയെ പീറത്തുണിയെന്നു വിമര്‍ശിച്ചതെന്നും ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."