വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി പീഡിപ്പിച്ചു; അര്‍ജുന അവാര്‍ഡ് ജേതാവായ സി.ആര്‍.പി.എഫ് ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: അര്‍ധസൈനിക വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സിലെ (സി.ആര്‍.പി.എഫ്) ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഡി.ഐ.ജി റാങ്കിലുള്ള മുന്‍ ചീഫ് സ്‌പോര്‍ട്‌സ് ഓഫിസറെ പിരിച്ചുവിടാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഖജന്‍ സിങ്ങിനെതിരെയാണ് നടപടി. യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്റെ ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥന് സിആര്‍പിഎഫ് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കി. നോട്ടിസിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
സി.ആര്‍.പി.എഫ് നടത്തിയ അന്വേഷണത്തില്‍ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിലവില്‍ മുംബൈയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ പിരിച്ചുവിടല്‍ നോട്ടസ് പുറപ്പെടുവിച്ചത്. ആഭ്യന്തര കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് സിആര്‍പിഎഫ് ആസ്ഥാനം സ്വീകരിക്കുകയും ആവശ്യമായ അച്ചടക്ക നടപടിക്കായി യു.പി.എസ്.സിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയായിരുന്നു. അതുപ്രകാരം യുപിഎസ്‌സിയും ആഭ്യന്തര മന്ത്രാലയവും ഖജന്‍ സിങ്ങിനെതിരെ പിരിച്ചുവിടല്‍ ഉത്തരവിറക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ആരോപണങ്ങളാണ് ഉദ്യോഗസ്ഥന്‍ നേരിടുന്നത്. ഒരു കേസിലാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെങ്കില്‍ രണ്ടാമത്തേത് പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫിന്റെ ചീഫ് സ്‌പോര്‍ട്‌സ് ഓഫിസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഖജന്‍ സിങ്. 1986 സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തില്‍ ഇദ്ദേഹം വെള്ളി മെഡല്‍ നേടിയിരുന്നു. 1951ന് ശേഷം നീന്തലില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
ഏകദേശം 3.25 ലക്ഷം ഉദ്യോഗസ്ഥരുള്ള സിആര്‍പിഎഫ്, 1986ലാണ് ആദ്യമായി സ്ത്രീകളെ കോംബാറ്റ് റാങ്കില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആറ് വനിതാ ബറ്റാലിയനുകളാണുള്ളത്. ആകെ 8,000 ഉദ്യോഗസ്ഥരുണ്ട്. സ്‌പോര്‍ട്‌സിലും മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലും വനിതാ ജീവനക്കാരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."