ശ്രീലങ്കയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ഹോട്ടൽ സമ്മാനിച്ച് ഇന്ത്യൻ ഹോട്ടൽ ഗ്രൂപ്പ്
കൊളംബോ: ഇന്ത്യക്ക് പുറത്ത് ആദ്യ ഹോട്ടലിന്റെ ഉദ്‌ഘാടനം നടത്തി ഐ.ടി.സി. ശ്രീലങ്കയിൽ നിർമിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനം ശ്രീലങ്ക പ്രസിഡന്റ് റനിൽ വിക്രമസിംഗെ നിർവഹിച്ചു. ശ്രീലങ്കയിലെ ഏറ്റവും വലിയ ഹോട്ടലാണ് ഇത്. 152 മുറികളും 8 ഭക്ഷണശാലകളും ആഡംബര ഫ്ലാറ്റ് സമുച്ചയമടങ്ങുന്ന ഒരു ടവറും ഉൾപ്പെടുന്നതാണ് ഹോട്ടൽ. ‘ഐ.ടി.സി രത്നദീപ’ എന്ന പേരിലാണ് ഹോട്ടൽ ആരംഭിച്ചത്.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയുടെ ഹൃദയഭാഗത്ത് 5.86 ഏക്കറിലാണ് ഐ.ടി.സി രത്നദീപ തലയുയർത്തി നിൽക്കുന്നത്. ഹോട്ടലിനോടു ചേർന്ന് ഹെലിപ്പാഡും രാജ്യത്തെ ആദ്യത്തെ സ്കൈ ബ്രിജും ഒരുക്കിയിട്ടുണ്ട്. അതിഥികൾക്കായി 152 നൂതന സൗകര്യങ്ങളോട് കൂടിയ മുറികളാണ് ഒരുക്കിയിട്ടുള്ളത്. അഞ്ച് മീറ്റിങ്ങ് സെന്ററുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബിസിനസ് സെന്റർ, ഫിറ്റ്നസ് സെന്റർ, സ്വിമിങ് പൂൾ, സ്പാ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
അന്തർദേശീയ രൂപകല്പനയുടെയും പ്രാദേശിക സർഗ്ഗാത്മകതയുടെയും സമന്വയമാണ് ഹോട്ടലിൽ ഒരുക്കിയിട്ടുള്ളത്. സുസ്ഥിരത എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാന ശിലയായതിനാൽ, എല്ലാ ഹോട്ടലുകൾക്കും LEED പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ, ഏറ്റവും വലുതും ഹരിതവുമായ ഹോട്ടൽ ശൃംഖലകളിൽ ഒന്നാണ് ഐ.ടി.സി ഹോട്ടലുകൾ.
പുകയില വ്യവസായത്തിൽ തുടങ്ങിയ ഐടിസി ഇപ്പോൾ ഭക്ഷ്യ ഉൽപന്നങ്ങൾ മുതൽ ചർമസംരക്ഷണം വരെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്നു. ഡൽഹിയിലെ ഐടിസി മൗര്യ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹോട്ടലായ ചെന്നൈയിലെ ഗ്രാൻഡ് ചോള എന്നിവ ഇവരുടെ ഉടമസ്ഥതയിലുള്ളവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."