ഇടപാടുകാരന് അറിയാതെ ബാങ്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു; പൊലിസ് കേസെടുത്തു
കണ്ണൂര്‍: ബാങ്കില്‍ നിന്ന് ഇടപാടുകാരന് അറിയാതെ അഞ്ചുലക്ഷം രൂപ മറ്റൊരു ബാങ്കിലേക്കു മാറ്റിയതായി പരാതി. സംഭവത്തില്‍ പൊലിസ് കേസെടുത്തു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കണ്ണൂര്‍ ബ്രാഞ്ചിലെ വി.പി അന്‍സാരിയുടെ അക്കൗണ്ടില്‍ നിന്ന് ഉത്തര്‍പ്രദേശിലെ എസ് ബി ഐ ബാങ്കിന്റെ അക്കൗണ്ടിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്തെന്നാണു പരാതി. ബാങ്കിന്റെ ഇമെയില്‍ വിലാസത്തിലേക്കു ഇയാളുടെ പേരില്‍ ഇമെയില്‍ ലഭിച്ചതോടെയാണു അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. തുക അയച്ചുവെന്ന എം.എസ്.എസ് ലഭിച്ചയുടനെ അന്‍സാരി ബാങ്ക് മാനേജരെ ബന്ധപ്പെട്ടപ്പോഴാണു തട്ടിപ്പു മനസിലായത്. ബാങ്ക് അധികൃതര്‍ യു.പിയിലെ എസ്.ബി.ഐ ശാഖയില്‍ ബന്ധപ്പെട്ടപ്പോഴേക്കും ആ അക്കൗണ്ടില്‍ നിന്നു യു.പിയിലെ മറ്റു രണ്ടു അക്കൗണ്ടുകളിലേക്കു രണ്ടരലക്ഷം രൂപ വീതം കൈമാറി കഴിഞ്ഞിരുന്നു.
പണം ലഭിച്ച അക്കൗണ്ടുകളുള്ള ബാങ്കുകളില്‍ ഐ.ഒ.ബി അധികൃതര്‍ വിവരം നല്കി. ആ അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ല. നഷ്ടപ്പെട്ട പണം ഇടപാടുകാരനു ബാങ്ക് തിരിച്ചുനല്‍കി. സംഭവത്തില്‍ വഞ്ചനയ്ക്കാണു ടൗണ്‍ പൊലിസ് കേസെടുത്തത്. ഇമെയില്‍ അയച്ചയാളുടെ വിവരങ്ങള്‍ ലഭിക്കാന്‍ കംപ്യൂട്ടറിന്റെ ഐ.പി വിലാസം പരിശോധിക്കുമെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."