അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം പള്ളിയിലുണ്ടായിരുന്ന കുട്ടികൾക്ക് മുന്നിൽ വെച്ച്
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ പള്ളിക്കുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് മരിച്ചത്. 30 വയസായിരുന്നു. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളിൽ കയറിയാണ് മൂന്ന് അക്രമകാരികൾ നരഹത്യ നടത്തിയത്. അക്രമികൾ മൗലവിയെ മരിക്കുന്നതുവരെ മർദ്ദനം തുടരുന്നതായി ദൃക്‌സാക്ഷികളായ കുട്ടികൾ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ പള്ളിക്കുള്ളിലേക്ക് ആക്രമിച്ച് കടക്കുകയായിരുന്നു. ഈ സമയം പള്ളി ഇമാമിനെ കൂടാതെ ആറ് കുട്ടികളും പള്ളിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഇമാം മൗലാനാ മാഹിറിനെ ആക്രമിക്കുന്നത് കണ്ട് കരയാൻ തുടങ്ങിയ കുട്ടികളെ ബഹളം വച്ചാൽ കൊന്നുകളയുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. ശേഷം മരിക്കുന്നത് വരെ ഇമാമിനെ മർദ്ദിക്കുകയായിരുന്നു.
ദൗറായിലെ കാഞ്ചൻ നഗർ ഏരിയയിലെ പള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം മസ്ജിദിന് പിന്നിലൂടെയുള്ള വഴിയിലൂടെയാണ് അക്രമി സംഘം രക്ഷപ്പെട്ടത്. ഇവർ പോയതിന് പിന്നാലെ കുട്ടികൾ കരഞ്ഞ് കൊണ്ട് തെരുവിലേക്ക് ഇറങ്ങിയതോടെയാണ് സമീപവാസികൾ കാര്യം അറിയുന്നത്. സംഭവം നാട്ടുകാരാണ് പൊലിസിൽ അറിയിച്ചത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ പ്രധാന സാക്ഷികളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകാനും പൊലിസ് പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മുഖംമൂടി ധരിച്ച മൂന്ന് വ്യക്തികളാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അക്രമികളെക്കുറിച്ചും കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."