സിപിഎം ജീര്‍ണതയിലേക്കാണ് പോകുന്നത്, ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ എന്താണെന്ന് ജനങ്ങള്‍ അറിയട്ടെ: വിഡി സതീശന്‍
ഇപി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കൂട്ടുപ്രതിയായ ജയരാജനെ ഒറ്റുകൊടുത്ത് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എല്‍ഡിഎഫ് ബിജെപിയുമായി നടത്തിയ ഡീല്‍ എന്താണെന്ന് ജനങ്ങള്‍ അറിയട്ടെ. ജയരാജനും ദല്ലാള്‍ നന്ദകുമാറും തമ്മിലുള്ള ബന്ധമാണ് മുഖ്യമന്ത്രി തള്ളി പറഞ്ഞത്.
അതേസമയം ജാവദേക്കറെ കണ്ടകാര്യം അദ്ദേഹം നിഷേധിച്ചിട്ടുമില്ല. കൂടാതെ താനും എത്രയോവട്ടം കണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലാവലിന്‍, മാസപ്പടി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായാണോ ജയരാജന്‍ ജാവദേക്കറെ കണ്ടത്, വിഡി ചോദിച്ചു. അല്ലാതെ ജയരാജന് ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ കാണേണ്ട ആവശ്യം ഉണ്ടായിരുന്നോ? ഇത് ഏത് തരം ഡീല്‍ ആണ് എന്ന് വ്യക്തമാക്കണം. പൊളിറ്റിക്കല്‍ ആണോ, ബിസിനസ് ആണോ?
ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയുടെ പിറന്നാളിന് വീട്ടില്‍ പോയി ഷാള്‍ അണിയിച്ച ആളാണ് ജയരാജന്‍. എന്നിട്ടാണ് അറിയില്ലെന്ന് പറയുന്നത്.
ജയരാജന് നന്ദകുമാറുമായുള്ള ബന്ധം പിണറായിക്കും നന്നായി അറിയാം. ഇതൊക്കെ നാടകമാണ്,സതീശന്‍ പറഞ്ഞു. ഇന്നലെ ജയരാജനെ സിപിഎം ബലിയാടാക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം ജയരാജനു നല്‍കി രക്ഷപ്പെടാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."