മക്ക എസ്‌ഐസി വിഖായ ഹജ്ജ് വളണ്ടിയർ കൺവെൻഷൻ നടത്തി
മക്ക: സമസ്ത ഇസ്‌ലാമിക് സെൻറർ സഊദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഹജ്ജിനെത്തുന്നവരെ സേവിക്കുന്നതിന് വേണ്ടിയുള്ള സന്നദ്ധ സേവന സംഘമായ "വിഖായ"യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി ആദ്യ ഹാജി മക്കയിൽ എത്തിയത് മുതൽ ആവസാന ഹാജിയും പുണ്യ നഗരി വിടുവരെയുള്ള പ്രവർത്തനങ്ങൾ തുടക്കുറിക്കാനുള്ള തയ്യാറെടുപ്പുകൾക്ക് വിവിധ പദ്ധതികൾ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. മക്ക ഏഷ്യൻ പോളി ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ഉസ്താദ് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.
ഹറമൈൻ സോൺ പ്രസിഡൻറ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷത വഹിച്ചു. നാഷണൽ സെക്രട്ടറി ഫരീദ് ഐക്കരപ്പടി, നാഷണൽ വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങൾ അരീക്കോട്, നാഷണൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പാലം, മുനീർ ഫൈസി തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ റമളാനിൽ മീഡിയ വിങ്ങിന് കീഴിൽ ഖുർആൻ, ഹദീസ്, ബൈത്തുകൾ തുടങ്ങി വിവിധ വിഷയങ്ങൾ ദഅവ വിങ്ങുമായി സഹകരിച്ച് സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയ നിസാർ ചുള്ളിയോട്, അസീബ് മേൽമുറി, മുഹമ്മദ് അലി യമാനി, ഫിറോസ് ഖാൻ ആലത്തൂർ തുടങ്ങിയവർക്ക് ഉപഹാരം നൽകിയും മുതിർന്ന വിഖായ അംഗം ഉസ്മാൻ ബായാറിനെ ഷാൾ അണിയിച്ചും ആദരിച്ചു. ഈ വർഷത്തെ ഹജ്ജ് സേവനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ച നൂറിലധികം അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. വിഖായ സമിതിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരെ സിറാജുദ്ദീൻ ഖാസിമി പ്രഖ്യാപിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര സ്വാഗതവും ട്രഷറർ ഇസ്സുദ്ദീൻ ആലുങ്ങൽ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."