തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ ഇനി പിഴയും തടവും
ന്യൂഡല്‍ഹി: തെറ്റായ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ഇനിമുതല്‍ തടവുശിക്ഷയും പിഴയും. ഉപഭോക്തൃ സംരക്ഷണ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അടുത്തയാഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. ഉല്‍പന്നങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന താരങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്നുവെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. വ്യാജ അവകാശവാദമുള്ള പരസ്യവുമായി ബന്ധപ്പെട്ട് പരാതിയുണ്ടായാല്‍ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പരസ്യത്തില്‍ ഇത് ശരിവച്ച താരത്തിനായിരിക്കും. ശരിവയ്ക്കുക, ശരിവയ്ക്കുന്ന വ്യക്തി എന്നിവയെ ബില്ലില്‍ ശരിയായി നിര്‍വചിക്കുന്നുണ്ട്.
ആദ്യത്തെ തെറ്റിന് രണ്ടു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക. തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നു.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. അതോറിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് കേസെടുക്കാമെന്നും ബില്ല് ശുപാര്‍ശചെയ്യുന്നു. തെലുങ്കുദേശം പാര്‍ട്ടി അംഗം ജെ.സി ദിവാകര്‍ റെഡ്ഡിയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ പരിണിച്ചാണ് ബില്ലില്‍ ഭേദഗതികള്‍ വരുത്തിയത്. പുതുക്കിയ ഉപഭോക്തൃ സംരക്ഷണ ബില്ലിലെ സെക്ഷന്‍ 17 അനുസരിച്ച് ശബ്ദ രൂപത്തിലോ ചിത്രീകരണ രൂപത്തിലോ മറ്റു ഏതെങ്കിലും തരത്തിലോ ഉല്‍പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നവര്‍ ശിക്ഷയുടെ പരിധിയില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."