മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍; പ്രതി അശ്ലീല വിഡിയോക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്
ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യത്തിന്റെ പേരിലെന്ന് പൊലിസ്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും കാരണമായെന്നു പൊലിസ് പറയുന്നു. ഞായറാഴ്ചയാണ് സംഭവം. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിക്കുന്ന പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായര്‍, എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാജസ്ഥാന്‍ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്.
സംഭവദിവസം രാത്രി എട്ടു മണിക്ക് ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ശിവന്‍ നായരുടെ മൃതദേഹം കണ്ടത്. ചികിത്സയ്ക്കെന്ന വ്യാജേന വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ പ്രവേശിച്ച മഹേഷ് പ്രസന്നകുമാരിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ശിവന്‍ നായരെയും ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. പ്രസന്നകുമാരിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണാണു പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. ഇയാള്‍ ചികിത്സയ്ക്കായി മുന്‍പും ക്ലിനിക്കില്‍ എത്തിയിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നെന്നും പൊലിസ് കണ്ടെത്തി. സമീപത്തെ കടയില്‍ ജോലി ചെയ്യുമ്പോള്‍, സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം സംബന്ധിച്ചു പരാതിയുണ്ടായിരുന്നു. ചികിത്സ തേടി ക്ലിനിക്കിലെത്തിയിരുന്ന ഇയാളെ അകറ്റി നിര്‍ത്താന്‍ പ്രസന്നകുമാരി ശ്രമിച്ചിരുന്നു. തുടര്‍ന്നു കടയിലെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. ഇതിന്റെ പകയാവാം ആയുധവുമായി വീണ്ടും ക്ലിനിക്കിലെത്തിയതെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
സൈന്യത്തില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ശിവന്‍ നായര്‍ വിരമിച്ച ശേഷം ആയുര്‍വേദ ഏജന്‍സി നടത്തിയിരുന്നു. എയര്‍ഫോഴ്സ് മലയാളി അസോസിയേഷന്‍, എക്സ് സര്‍വീസ്മെന്‍ അസോസിയേഷന്‍, ആവഡി എന്‍.എസ്.എസ് എന്നിവയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."