ഐഎസ്എല്‍: ബഗാന് എതിരാളികള്‍ മുംബൈ തന്നെ, ഫൈനല്‍ ഇത്തവണ തീപാറും
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സ്വന്തം തട്ടകത്ത് നടന്ന ഐ.എസ്.എല്‍ സെമിയിലെ രണ്ടാംപാദ മത്സരത്തില്‍ ഗോവ എഫ്.സിയെ വീഴ്ത്തി മുംബൈ കലാശക്കളിക്ക് യോഗ്യത നേടി. മുംബൈയിലെ ഫുട്‌ബോള്‍ അറീനയില്‍ സന്ദര്‍ശകരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. നേരത്തേ ആദ്യ പാദത്തില്‍ 32ന് മുന്നിട്ടുനിന്ന മുംബൈ ഇതോടെ 52 എന്ന അന്തിമ സ്‌കോറില്‍ ഫൈനല്‍ ടിക്കറ്റെടുത്തു.
മുംബൈക്ക് വേണ്ടി മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസും ലാലിന്‍സു വാലചാങ്ങദെയും ലക്ഷ്യം കണ്ടു. ഗോള്‍ രഹിതമായി നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഇരു ഗോളും പിറന്നത്. മത്സരത്തില്‍ ഗോവയാണ് ഒരുപടി മുന്നില്‍ നിന്നതെങ്കിലും ഗോള്‍ദാഹവുമായി ഇരു ടീമും ആക്രമണപ്രത്യാക്രമണങ്ങളുമായി കളം വാണു. ആദ്യ പകുതിയില്‍ ഇരു ടീമിനും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ അപാകത വിനയായി. രണ്ടാം പകുതിയില്‍ ഇരുടീമിന്റെയും കനത്ത ആക്രമണത്തിനാണ് മുംബൈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇതിന്റെ ഫലം മുംബൈക്ക് ലഭിക്കുകയും ചെയ്തു.
69ാം മിനുട്ടില്‍ പെരേര ഡയസിലൂടെ മത്സരത്തിലെ ആദ്യഗോളെത്തി. വാന്‍നീഫ് തൊടുത്ത കോര്‍ണര്‍ കിക്ക് നേരേ ഗോവ ബോക്‌സിലേക്ക്. പന്ത് പിടിച്ചെടുത്ത മുംബൈ താരം നേരേവലയിലേക്ക് പായിച്ചെങ്കിലും റീബൗണ്ടായി വന്നത് പെരേര ഡയസിന്റെ കാലുകളില്‍. ഉടനെ ഡയസ് പന്ത് വല യിലെത്തിച്ചു. ഇതോടെ മുംബൈ 42ന് മുന്നില്‍. ശേഷം ഗോവ കൂടുതല്‍ ഉണര്‍ന്നു കളിച്ചപ്പോള്‍ മുംബൈ പ്രതിരോധം കാത്ത് കളിക്കാന്‍ മറന്നില്ല. നിരവധി തവണ ഗോവ മുംബൈ തുറമുഖത്ത് പന്തെത്തിച്ചെങ്കിലും പ്രതിരോധം ഉരുക്കു കോട്ട കെട്ടിയതോടെ അതെല്ലാം വിഫലമായി.
ഇതിനിടെ 83ാം മിനുട്ടില്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെ മുംബൈയുടെ രണ്ടാം ഗോളെത്തി. മൈതാനത്തിന്റെ പകുതിയില്‍ നിന്ന് വിക്രം പ്രതാപ് നല്‍കിയ പന്തുമായി ഒറ്റയ്ക്കു മുന്നേറിയ ലാലിങ്‌സുവാല ചാങ്ങ്‌ദെ ഗോളിയെ കബളിപ്പിച്ച് പന്ത് അനായാസം വലയിലാക്കി. ശേഷവും ഗോവ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് തോല്‍വിയോടെ മടങ്ങേണ്ടി വന്നു. മെയ് നാലിന് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരേയാണ് ഫൈനല്‍ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."