റായ്ബറേലി, അമേത്തി സ്ഥാനാര്‍ഥികളെ ഇന്നോ നാളെയോ അറിയാം; തീരുമാനം ഖാര്‍ഗെയ്ക്ക് വിട്ടു, രാഹുലിനും പ്രിയങ്കക്കുമായി സമ്മര്‍ദ്ദം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റ പെരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലെയും അമേത്തിയിലെയും സ്ഥാനാര്‍ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. ഗാന്ധി കുടുംബം മത്സരിച്ചിരുന്ന ഈ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി. ഖാര്‍ഗെ ഉടന്‍ തീരുമാനം അറിയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാടിനൊപ്പം രാഹുല്‍ ഗാന്ധി അമേത്തിയിലും മത്സരിച്ചിരുന്നുവെങ്കിലും രണ്ടാമത്തെ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇത്തവണ വയനാടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചെങ്കിലും അമേത്തിയില്‍ മത്സരിക്കാന്‍ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ഏറെക്കാലം സോണിയാഗാന്ധി പ്രതിനിധീകരിച്ചിരുന്ന റായ്ബറേലിയിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
രണ്ടുമണ്ഡലങ്ങളിലും ഗാന്ധികുടുംബത്തില്‍നിന്നുള്ളവര്‍ തന്നെ വേണമെന്ന് യു.പി ഘടകം കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. റായ്ബറേലിയില്‍ പ്രിയങ്കാഗാന്ധിയും അമേത്തിയില്‍ രാഹുല്‍ഗാന്ധിയും വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതിനിടെ അമേത്തിയില്‍ പ്രിയങ്കയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ യോജിപ്പില്ല. 2004, 2009, 2014 പൊതുതെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചെങ്കിലും 2019 ല്‍ മണ്ഡലം കൈവിട്ടു. അമേത്തി കൈവിട്ടത് കോണ്‍ഗ്രസിന് വലിയ നാണക്കേടായിരുന്നു. അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെയാണ് റായ്ബറേലി ഒവിഞ്ഞുകിടക്കുന്നത്.
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ അമേത്തിയില്‍ മത്സരിക്കുമെന്നാണ് നേരത്തെ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. എന്നാല്‍ റായ്ബറേലിയുടെ കാര്യത്തില്‍ പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ രഹസ്യമൊന്നുമില്ലെന്നും ഉചിത സമയത്ത് പ്രഖ്യാപനമുണ്ടാവുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനറ്റെ പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മിറ്റി ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതായും അധ്യക്ഷനായിരിക്കും അന്തിമ തീരുമാനം എടുക്കുന്നതെന്നും അവര്‍ അറിയിച്ചു.
അതേസമയം, സ്മൃതി ഇറാനി ഇന്നലെ പത്രിക സമര്‍പ്പിച്ചു. ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ നിഷ ആനന്ത് മുമ്പാകെ രണ്ട് സെറ്റ് പത്രികയാണ് അവര്‍ സമര്‍പ്പിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉള്‍പ്പെടെയുള്ളബി.ജെ.പി നേതാക്കളുടെ അഖമ്പടിയോടെയാണ് അഴര്‍ പത്രി സമര്‍പ്പിക്കാനെത്തിയത്. അഞ്ചാംഘട്ടമായ മെയ് 20നാണ് അമേത്തിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് ഇവിടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."