ജിമ്മില്‍ വാം അപ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
വരാണസി: ഉത്തര്‍പ്രദേശിലെ വരാണസിയില്‍ ജിമ്മില്‍ വാം അപ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 30കാരനായ യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മരിച്ച യുവാവിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ 10 വവര്‍ഷമായി ജിമ്മില്‍ വ്യായാമം ചെയ്യാനെത്തുന്നുണ്ടെന്നും നടത്തിപ്പുകാര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കിടയില്‍ ഈ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജിമ്മിലെ ബഞ്ചില്‍ രണ്ടു കൈകളിലുമായി തലവച്ച് ഇരിക്കുന്നത് വീഡിയോയില്‍ കാണാം. തളര്‍ന്നു വീഴാന്‍ പോയ ഇയാളെ ആളുകള്‍ ഒടിയെത്തി പിടിച്ചിരുത്തുകയായിരുന്നു. ഇയാള്‍ക്ക് കുടിക്കാനായി വെള്ളം നല്‍കുന്നുമുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. വ്യായാമം ചെയ്തുകൊണ്ടിരുന്ന മറ്റുള്ളവര്‍ ഓടി യുവാവിന്റെ അടുത്തേക്ക് എത്തുകയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് യുവാക്കള്‍ ഹൃദയാഘാതം മൂലം മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. കൊവിഡിന് ശേഷമാണ് ഇതു കൂടിയത്. കഴിഞ്ഞ ദിവസം സഹോദരിയുടെ വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഹല്‍ദി ചടങ്ങില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."