ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണം: പ്രതിഷേധിക്കുന്നത് 'മലപ്പുറം മാഫിയ'- വിവാദ പരാമര്‍ശവുമായി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വിവാദ പരാമര്‍ശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മലപ്പുറത്തെ മാഫിയ ആണ് പരിഷ്‌ക്കരണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതെന്നാണ് പരാമര്‍ശം. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ലെന്ന് ലൈസന്‍സ് നിസ്സാരമായി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസന്‍സ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കും. മലപ്പുറം ആര്‍ ടി ഓഫീസില്‍ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സര്‍ക്കാര്‍ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ് സ്‌കൂളുകളുടെ ഗ്രൗണ്ടില്‍ ടെസ്റ്റ് വേണ്ടെന്നും സര്‍ക്കാര്‍ സ്ഥലം വാടകയ്‌ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സര്‍ക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യില്‍ വെച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
അടിമുടി മാറ്റം വരുത്തിയുള്ള ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും.വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്.
പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്‌കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല. എന്നാല്‍ ഇളവുകള്‍ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."