കനത്ത മഴയിൽ ദുബൈ; എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കി, വിമാനത്താവളത്തിൽ നിയന്ത്രണം, ഇന്റർസിറ്റി ബസ് നിർത്തി
ദുബൈ: കനത്ത മഴയുടെ സാഹചര്യത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. മോശം കാലാവസ്ഥയെത്തുടർന്ന് എമിറേറ്റ്സ് നിരവധി വിമാനങ്ങൾ റദ്ദാക്കി. മറ്റു പല കമ്പനികളുടെയും വിമാനങ്ങൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുള്ളതായി എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ എത്തുന്നതോ പുറപ്പെടുന്നതോ ആയ ഉപഭോക്താക്കൾക്ക് കുറച്ച് കാലതാമസം പ്രതീക്ഷിക്കാമെന്ന് എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇൻ്റർസിറ്റി ബസുകളുടെ പ്രവർത്തനം ദുബൈ ആർ.ടി.എ താൽക്കാലികമായി നിർത്തിവച്ചു. യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ദുബൈയിലെ ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു തുടങ്ങി. റോഡിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും ഉള്ള സാഹചര്യത്തിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല താമസക്കാർക്കും ഇന്ന് ജോലിക്ക് പോകാൻ സാധിച്ചിട്ടില്ല. ഓഫീസ് ജോലി ചെയ്യുന്നവർക്ക് വർക്ക് ഫ്രം ഹോം. മഴ ഇന്ന് മെയ് 2 മുതൽ നാളെ മെയ് 3 വരെ ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. സെക്ടറുകളിലുടനീളം സുരക്ഷാ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.
സ്‌കൂളുകളിൽ വിദൂര പഠനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെടുന്നു. പാർക്കുകളും ബീച്ചുകളും അടച്ചു. എയർപോർട്ടുകളും എയർലൈനുകളും ആഘാതം നേരിടുകയാണ്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച്, അർദ്ധരാത്രി മുതൽ രാജ്യത്ത് കനത്ത മഴ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."