ഒളിംപിക്സില്‍ തിളങ്ങിയ താരങ്ങള്‍ക്ക് ഖേല്‍രത്ന സമ്മാനിച്ചു
ന്യൂഡല്‍ഹി: റിയോ ഒളിപിക്സില്‍ മെഡല്‍ നേടിയ പി.വി സിന്ധു, സാക്ഷി മലിക് മികച്ച പ്രകടനം കാഴ്ചവച്ച ദിപ കര്‍മാകര്‍, ജിത്തു റായ് എന്നിവര്‍ ഖേല്‍രത്ന പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കായികദിനമായ ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് രാജ്യത്തെ പരമോന്ന കായിക ബഹുമതിയായ ഖേല്‍രത്ന വിതരണം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ 15 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും മലയാളിയായ എസ്. പ്രദീപ് കുമര്‍ ഉള്‍പ്പെടെയുള്ള ആറു പരിശീലകര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡും മൂന്നു പേര്‍ക്ക് ധ്യാന്‍ചന്ദ് അവാര്‍ഡും സമ്മാനിച്ചു.
റിയോ ഒളിംപിക്സില്‍ പങ്കെടുത്ത മലയാളി നീന്തല്‍ താരം സാജന് പ്രകാശിന്റെയും വനിതാ താരം ശിവാനി കട്ടാരിയയുടെയും പരിശീലകനാണ് തിരുവനന്തപുരം പാലോട് സ്വദേശി പ്രദീപ് കുമാര്‍.
ഇതാദ്യമായാണ് ഖേല്‍രത്ന നാലു പേര്‍ക്ക് നല്‍കുന്നത്. 2009ല്‍ ബോക്സിങ് താരങ്ങളായ വിജേന്ദര്‍ സിങ്, മേരി കോം, സുശീല്‍ കുമാര്‍ എന്നിവര്‍ ഖേല്‍രത്ന പങ്കിട്ടിരുന്നു. 1991 മുതലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള ഖേല്‍രത്ന പുരസ്കാരം നല്കിത്തുടങ്ങിയത്. ഏഴര ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യയുടെ ചെസ്സ് ഇതിഹാസം വിശ്വനാഥന് ആനന്ദിനായിരുന്നു പ്രഥമ പുരസ്കാരം. ടെന്നീസ് താരം സാനിയമിര്‍സക്ക് ആയിരുന്നു കഴിഞ്ഞ തവണത്തെ ഖേല്‍രത്ന. അര്‍ജുന, ദ്രോണചാര്യ, ധ്യാന്‍ചന്ദ് പുരസ്കാരങ്ങള്‍ അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
പുരസ്കാരങ്ങള്‍ ലഭിച്ച മറ്റുള്ളവര്‍: ദ്രോണാചാര്യ- നാഗപുരി രമേഷ് (അത്ലറ്റിക്സ്), സാഗര്‍ മാല് ദയാല്‍ (ബോക്സിങ്), രാജ്കുമാര് ശര്‍മ (ക്രിക്കറ്റ്), ബിശ്വേശര്‍ നന്ദി (ജിംനാസ്റ്റിക്സ്), മഹാബീര് സിങ്് (ഗുസ്തി- ലൈഫ് ടൈം).
അര്‍ജുന- രജത് ചൗഹാന് (അമ്പെയ്ത്ത്), ലളിത ബാബര്‍ (അത്ലറ്റിക്സ്), സൗരവ് കോത്താരി (ബില്യാര്‍ഡ്, സ്നൂക്കര്‍), ശിവ ഥാപ്പ (ബോക്സിങ്), അജിന്‍ക്യ രഹാനെ (ക്രിക്കറ്റ്), സുബ്രതാ പാല് (ഫുട്ബോള്‍), റാണി (ഹോക്കി), വി.ആര് രഘുനാഥ് (ഹോക്കി), ഗുര്‍പ്രീത് സിങ് (ഷൂട്ടിങ്), അപൂര്‍വി ചന്ദേല (ഷൂട്ടിങ്), സൗമ്യജിത്ത് ഘോഷ് (ടേബിള്‍ ടെന്നീസ്), വിനേഷ് (ഗുസ്തി), അമിത് കുമാര്‍ (ഗുസ്തി), സന്ദീപ് സിങ് മാന്‍ (പാരാ അത്ലറ്റിക്സ്), വീരേന്ദര്‍ സിങ് (ഗുസ്തി ബധിര).
ധ്യാന്‍ ചന്ദ്- സതി ഗീത (അത്ലറ്റിക്സ്), സില്വാനസ് ഡംഗ ഡോംഗ (ഹോക്കി), രാജേന്ദ്ര പ്രഹ്ലാദ് ഷെല്കേ (തുഴച്ചില്‍).
ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ്, റിസര്‍വ് ബാങ്ക് എന്നിവ അടക്കം ഏഴു സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയ ഖേല്‍രത്ന പ്രോത്സാഹന പുരസ്ക്കാരവും പട്യാലയയിലെ പഞ്ചാബി സര്‍വകലാശാലയ്ക്ക് മൗലാന അബ്ദുല്‍ കലാം ആസാദ് പുരസ്കാരവും സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."