'മലപ്പുറം' എന്ന പേര് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് പ്രത്യേക അസുഖം വരും; ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ലീഗ്
മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്. കേരളത്തില്‍ മുഴുവന്‍ നടന്ന സമരത്തില്‍ മലപ്പുറത്തെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ചോദിച്ചു. മലപ്പുറം എന്ന പേര് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് പ്രത്യേക അസുഖം വരാറുണ്ടെന്നും പി എം എ സലാം കുറ്റപ്പെടുത്തി.
ആര്‍എസ്എസും, ബിജെപിയും തുടങ്ങിവെച്ചത് സിപിഎമ്മും ഇടതുമുന്നണിയും ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഗതാഗത മന്ത്രി ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. ഭരിക്കാന്‍ അറിയാത്തവരുടെ കയ്യില്‍ വകുപ്പ് കിട്ടിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഗതാഗത വകുപ്പില്‍ നടക്കുന്നത് തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ്. ഭരണ വീഴ്ചയുടെ ഉത്തരവാദിത്തം മലപ്പുറത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട കാര്യമില്ല. മേയര്‍ - ഡ്രൈവര്‍ തര്‍ക്കത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് മന്ത്രിയുടെതെന്ന് സംശയിക്കുന്നുവെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.
ഡ്രൈവിങ് സ്‌കൂളുകളുടെ ബിസിനസിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. മലപ്പുറത്ത് കിടന്ന് ചാടുന്നവരോട് ഞാനൊരു കാര്യം പറയാം, നിങ്ങളുടെ പുരയിടത്ത് വന്ന് ഡ്രൈവിങ് ടെസ്റ്റ് ഇനി ഉണ്ടാകില്ല. സര്‍ക്കാര്‍ അത് അവസാനിപ്പിക്കും.മലപ്പുറത്തെ ആര്‍.ടി.ഒ ഓഫിസില്‍ വലിയ തട്ടിപ്പാണ് ഏജന്റുമാരുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇത് അനുവദിച്ച് കൊടുക്കില്ല. ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടും എന്നായിരുന്നു ഗണേഷ്‌കുമാറിന്റെ പരാമര്‍ശം.
അതേസമയം, മന്ത്രിക്കെതിരെ സി.ഐ.ടി.യു അടക്കമുള്ളവര്‍ രംഗത്തുവന്നു. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പിന്‍വലിക്കുന്നത് വരെ സമരം ചെയ്യും. തങ്ങള്‍ മാന്യമായിട്ട് തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. തങ്ങള്‍ ഗുണ്ടകളും മാഫിയകളുമല്ല. മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. അതാണ് മന്ത്രിയുടെ പ്രസ്താവനയില്‍ കാണുന്നത്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ലെന്നും സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."